കോഴിക്കോട് > വിമര്‍ശനമുയര്‍ത്തിയത് പാണക്കാട് തങ്ങളുടെ മകന്, വിമര്‍ശന വേദി ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ്; പാണക്കാട് കുടുംബത്തില്‍ നിന്നുയര്‍ന്ന നേതൃത്വ വിമര്‍ശനം ലീഗിനെ ഉലയ്ക്കും. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാഴാഴ്ച മുഈന്‍ അലി തങ്ങള്‍ ഉന്നയിച്ച വിമര്‍ശനം പാര്‍ട്ടിയില്‍ കത്തിപ്പടരുമെന്നുറപ്പാണ്. എല്ലാ പ്രശ്നത്തിനും ഉത്തരവാദി കുഞ്ഞാലിക്കുട്ടിയെന്നാണ് മുഈന്‍ അലി തുറന്നടിച്ചത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന് സംസ്ഥാന കമ്മിറ്റി ഓഫീസായ ലീഗ് ഹൗസില്‍ വെച്ച് നടത്തിയ വിമര്‍ശനം നേതൃത്വത്തെയും പ്രവര്ത്തകരെയുമാകെ ഞെട്ടിച്ചിട്ടുണ്ട്. പാര്‍ടി പത്രത്തിലെ കള്ളപ്പണ നിക്ഷേപത്തിന്റെ പേരില്‍ ഇഡി ചോദ്യം ചെയ്യുന്നത് ഹൈദരലി ശിഹാബ് തങ്ങളെ തളര്‍ത്തിയെന്നാണ് മുഈന്‍ അലി പറഞ്ഞത്. എല്ലാം കുഞ്ഞാലിക്കുട്ടിക്ക് അറിയാം, സാമ്പത്തിക – ഫണ്ട് ഇടപാടുകള്‍ അദ്ദേഹമാണ് നടത്തുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗുണ്ടാ – ക്രിമിനല്‍ പ്രവര്ത്തകനായറിയപ്പെടുന്ന ലീഗ് പ്രവര്‍ത്തകന്റെ ഭീഷണിയില്‍ മുഈന്‍ അലിക്ക് പറയുന്നത് പൂര്തിയാക്കാനായില്ല. ഉപ്പ രോഗബാധിതനായതും ഇ ഡിക്ക് മുന്നില്‍ വീണ്ടും എത്തണമെന്നതും മൂലമായിരുന്നു ഹൈദരലി തങ്ങളുടെ മകന്റെ പരസ്യവിമര്‍ശനം. എന്നാല്‍ ലീഗ് ഹൗസില്‍ നിന്ന് സംസ്ഥാന പ്രസിഡന്റിന്റെ മകന് സംസാരിക്കാന്‍ കൂടി സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണുണ്ടായത്. ലീഗ് എത്ര വലിയ പതനത്തിലാണെത്തിയതെന്ന് വ്യക്തമാക്കുന്നുണ്ട് ഈ സംഭവം.
മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കൂടിയാണ് മുഈന്‍ അലി. എം പി സ്ഥാനം രാജിവെച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവും ഖത്വ-ഉന്നാവോ ഫണ്ട് വെട്ടിപ്പുമെല്ലാം എതിര്‍ത്ത് നേതൃത്വത്തിന്റെ അപ്രീതിക്കിരയായിരുന്നു ഇദ്ദേഹം. എന്നാല്‍ കാര്യങ്ങള്‍ തുറന്നടിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ലീഗില്‍ തുടര്‍ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.