നിയമസഭയിൽ പ്രഖ്യാപിച്ച കാര്യങ്ങളല്ല ഉത്തരവിലുള്ളതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴും മാനദണ്ഡങ്ങൾ തിരുത്തില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. പ്രായോഗികമായ നിര്‍ദ്ദേശങ്ങൾ മാത്രമാണ് ഉത്തരവിലുള്ളതെന്ന് മന്ത്രി പറയുന്നു.
42 ശതമാനം പേര്‍ മാത്രം വാക്സിനെടുത്ത കേരളത്തിൽ ഈ ഉത്തരവ് എങ്ങനെയാണ് നടപ്പാക്കുകയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. ഉത്തരവിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി.
ആളുകൾ ധാരാളമെത്തുന്ന കടകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, സര്‍ക്കാര്‍ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നവരും അവിടെ പ്രവര്‍ത്തിക്കുന്നവരും രണ്ട് ആഴ്ച മുമ്പ് ആദ്യ ഡോസ് എടുത്തവരോ, അതല്ലെങ്കിൽ 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചവരോ അതല്ലെങ്കിൽ ഒരു മാസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ച് നെഗറ്റീവ് ആയവരോ ആകണമെന്നാണ് നിബന്ധന.
കടയിൽ പ്രവേശിക്കുന്നതിന് വാക്സിനെടുത്തതിന്റെ രേഖ, ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം, അതല്ലെങ്കിൽ ഒരു മാസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ച് നെഗറ്റീവായതിന്റെ രേഖ എന്നിവ അഭികാമ്യമാണെന്നാണ് ആരോഗ്യ മന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ ഈ രേഖകൾ നിര്‍ബന്ധമായും കരുതണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.