ഹരിദ്വാർ > ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം സെമിയിൽ പുറത്തായതിന് പിന്നാലെ താരങ്ങൾക്കെതിരെ ജാതി അധിക്ഷേപം. ടൂർണമെന്റിലെത്തന്നെ മികച്ച താരങ്ങളിൽ ഒരാളായ വന്ദന കത്താരിയയുടെ കുടുംബത്തിനാണ് ജാതി അധിക്ഷേപം നേരിടേണ്ടിവന്നത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
സെമിയിൽ അർജന്റീനയോട് പരാജയപ്പെട്ടതോടെയാണ് ഹരിദ്വാറിലെ റോഷ്നാബാദ് ഗ്രാമത്തിലുള്ള വന്ദനയുടെ കുടുബത്തിന് ജാതി അധിക്ഷേപം നേരിടേണ്ടിവന്നത്. വീടിന് മുന്നിൽ എത്തിയാണ് ഉയർന്ന ജാതിയിലുള്ള യുവാക്കൾ വന്ദനയേയും കുടുംബത്തേയും അധിക്ഷേപിച്ച് ബഹളംവച്ചത്. ദളിത് കളിക്കാര് കൂടുതലുള്ളതിനാലാണ് ഇന്ത്യന് ടീം തോറ്റതെന്ന് ഇവര് വിളിച്ചുപറഞ്ഞതായും വീട്ടുകാര് പൊലീസിന് നല്കിയ പരാതിയില് പറയുന്നു. ആക്ഷേപം നടത്തിയ സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയില് എടുത്തുവെന്നാണ് റിപ്പോര്ട്ട്.