തിരുവനന്തപുരം > ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും മിയാവാക്കി ‘ജനവനം’ പച്ചതുരുത്തുകള് നിര്മിക്കുമെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം വി ഗോവിന്ദന് പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിര്വ്വഹണവും ലക്ഷ്യമിട്ടുകൊണ്ടാണ് 1996 ആഗസ്ത് 17ന് ജനകീയാസൂത്രണം ആരംഭിക്കുന്നത്. അന്നത്തെ ഇടതുപക്ഷ സര്ക്കാര് പ്രധാനവികസന മുന്ഗണനകളില് അധികാര വികേന്ദ്രീകരണത്തെ പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണത്. അതിന്റെ ശക്തമായ തുടര്ച്ച സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി വേളയില് പാരിസ്ഥിതിക സൗഹൃദപരമായ അടയാളപ്പെടുത്തലുകള് ജനവനം പച്ചതുരുത്തിലൂടെ സംസ്ഥാനത്താകമാനം സൃഷ്ടിക്കും. നിര്മ്മിത ഹരിത വനങ്ങള് കേരളത്തില് ഏറെയൊന്നുമില്ല. ജനകീയാസൂത്രണത്തിന്റെ സ്മാരകങ്ങളായി കേരളത്തിലെമ്പാടും ജനവനം പച്ചതുരുത്തുകള് യാഥാര്ത്ഥ്യമാവുമ്പോള് അത് ഏറ്റവും അര്ത്ഥവത്താകുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ഭൂവിസ്തൃതിയ്ക്കനുസരിച്ച് കൂടുതല് ജനവനം പച്ചതുരുത്തുകള് നിര്മിക്കുന്നത് നന്നാവും. ജനവനങ്ങളുടെ സുസ്ഥിരമായ പരിപാലനം തദ്ദേശ സ്ഥാപനങ്ങള് ഉറപ്പുവരുത്തണമെന്നും വനങ്ങളുടെ സ്ഥാപനവും പരിപാലനവും സന്നദ്ധ സംഘടനകളിലൂടെയോ സ്പോണ്സര്ഷിപ്പിലൂടെയോ കണ്ടെത്താനാകുമെങ്കില് അത് പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല് നിര്മിത ഹരിതവനങ്ങള് രൂപപ്പെടുത്തിയ പ്രമുഖ സസ്യശാസ്ത്രജ്ഞന് പ്രൊഫ. അകിരാ മിയാവാക്കി നിര്യാതനായ ഈ വേളയില് അദ്ദേഹത്തിന്റെ ഓര്മ്മ പുതുക്കാനും മിയാവാക്കി ജനവനം പച്ചതുരുത്തുകള് കാരണമാവും അദ്ദേഹത്തിന്റെ മാതൃക പിന്തുടര്ന്നുകൊണ്ട് തീര്ത്തും ശാസ്ത്രീയമായി ജനവനങ്ങള് നിര്മിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈക്കൊള്ളണമെന്ന് മന്ത്രി നിര്ദേശിച്ചു.