തിരുവനന്തപുരം: മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നാല് വെള്ളിക്കാശിന് വേണ്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചുവെന്ന് കെ.ടി. ജലീൽ. ഈ അവസ്ഥയിൽ തങ്ങളെ ഇ.ഡി. ചോദ്യം ചെയ്യുന്നതിന് വഴിയൊരുക്കിയ കുഞ്ഞാലിക്കുട്ടിയാണ് യഥാർത്ഥ കുറ്റവാളിയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ മീഡിയറൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജലീൽ.
തങ്ങൾക്കെതിരായ നോട്ടീസ് പിൻവലിച്ച് കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നൽകുകയാണ് ഇ.ഡി. ചെയ്യേണ്ടതെന്നും ജലീൽ ആവശ്യപ്പെട്ടു. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴിയുള്ള ഇടപാടുകളെ കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി എന്തു കൊണ്ടാണ് ഹൈദരാലി തങ്ങൾക്കെതിരെയുള്ള ഇ.ഡി നോട്ടീസ് പിൻവലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടാത്തതെന്നും ജലീൽ ചോദിച്ചു.
കോടികൾ വെട്ടിച്ച കുഞ്ഞാലിക്കുട്ടി കേരളത്തിൽ നിയമസഭയിൽ വന്നുപോയി സുഖമായി ജീവിക്കുന്നു. തങ്ങൾ കുടുംബത്തെയും മുസ്ലീം ലീഗിനേയും ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഇതിൽ വേദനയുണ്ടെന്നും പാർട്ടിക്കുള്ളിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ജനുവരിയിൽ നിർത്തലാക്കിയ ചന്ദ്രക ദിനപത്രത്തിന്റെ യു.എ.ഇ. എഡിഷന്റെ പ്രിന്റിങ് ചാർജ് ഇനത്തിൽ സ്വദേശി കമ്പനിക്ക് നൽകാനുള്ള ആറ് കോടിയോളം രൂപയുടെ കുടിശ്ശിക നൽകാനെന്ന പേരിൽ 4.5 കോടി യുഎ.ഇ. ദിർഹം പിരിച്ചെടുത്തു. എന്നാൽ, ഇതിൽ ഒരു രൂപ പോലും പത്രം അച്ചടിച്ച കമ്പനിക്ക് നൽകാതെ കേരളത്തിലുള്ളവർ പോക്കറ്റിലാക്കുകയാണ് ചെയ്തതെന്നും ജലീൽ ആരോപിച്ചു.
ഖത്തറിലെ പി.ഡി.എഫ്, എഡിഷൻ മാത്രമാണ് കേരളത്തിന് പുറത്ത് ഇപ്പോൾ ചന്ദ്രികയ്ക്ക് ഉള്ളത്. കെ.എം.സി.സികളുടെ തലപ്പത്ത് തന്റെ സിൽബന്ധികളെ കുഞ്ഞാലിക്കുട്ടി പ്രതിഷ്ഠിച്ചിരിക്കുന്നത് കെ.എം.സി.സിയെയും മുസ്ലീം ലീഗിനേയും വളർത്താനല്ലെന്നും തന്റെ പോക്കറ്റിലേക്ക് പണം പിരിച്ച് കോടികൾ എത്തിക്കാൻ മാത്രമാണെന്നും ജലീൽ ആരോപിച്ചു.
Content Highlights: Kunhalikkutty betrayed hyderali thangal says KT Jaleel