ടോക്കിയോ ഒളിംപിക്സിൽ 5-3ന് ജർമ്മനിയെ തകർത്ത് ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോൾ പിറന്നത് ചരിത്രം. 41 വർഷത്തെ മെഡലിനായുള്ള കാത്തിരിപ്പിനാണ് വിരാമമായത്. രാജ്യത്തിന്റെ അഭിമാന നിമിഷത്തിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പടെ നിരവധി പേരാണ് ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി എത്തുന്നത്.
മത്സരത്തിന്റെ രണ്ടാം ക്വാർട്ടറിന്റെ ആദ്യം 1-3 എന്ന നിലയിൽ പിന്നിലായതിനു ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. മത്സരത്തിന്റെ ഹാഫ് ടൈമിനു മുൻപ് ഹർദിക് സിങ്ങിന്റെയും ഹർമൻപ്രീത് സിങ്ങിന്റെയും മികവിൽ ഇന്ത്യ 3-3ന് മത്സരം തിരികെ പിടിച്ചു. അവിടെ നിന്നും കത്തി കയറിയ ഇന്ത്യ ഒടുവിൽ രുപീന്ദർ പൽ സിങ്ങിന്റെയും സിമ്രൻജീത് സിങ്ങിന്റെയും നേതൃത്വത്തിൽ 5-3ന്റെ ലീഡ് സ്വന്തമാക്കി. ഒടുവിൽ അവസാന ക്വാർട്ടറിൽ ഒരു ഗോൾ നേടിയെങ്കിലും അവസാന മിനിറ്റുകളിലെ ഇന്ത്യൻ പ്രതിരോധത്തിന് മുന്നിൽ തോൽക്കുകയായിരുന്നു ജർമ്മനി.
ഇന്ത്യയുടെ വിജയം “ചരിതമാണ്! ഈ ദിനം എല്ലാ ഇന്ത്യക്കാരുടെയും ഓർമ്മയിൽ ഉണ്ടകും” എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന് വെങ്കലം സമ്മാനിച്ച എല്ലാ കളിക്കാരെയും അഭിനന്ദിച്ച മോദി, രാജ്യത്തെ യുവ തലമുറക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ നേട്ടമെന്നും പറഞ്ഞു.
പ്രധാനമന്ത്രിക്ക് പുറമെ രാഷ്ട്രപതിയും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു. സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ധ്യവുമാണ് ടീം കാഴ്ച വച്ചത്, ഇന്ത്യൻ ഹോക്കിക്ക് പുതിയ തുടക്കവും രാജ്യത്തെ യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതുമാണ് ഈ നേട്ടമെന്നും രാഷ്ട്രപതി പറഞ്ഞു.
Also read: Tokyo Olympics 2020: ഹോക്കിയിൽ ചരിത്രംരചിച്ച് ഇന്ത്യ; ജർമ്മനിയെ തകർത്ത് വെങ്കലം
ഇവർക്ക് പുറമെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ അനിൽ കുബ്ലെ, ഗൗതം ഗംഭീർ, വിരേന്ദർ സെവാഗ് തുടങ്ങിയവരും ട്വിറ്ററിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
The post ഈ ദിനം എല്ലാ ഇന്ത്യക്കാരുടെയും ഓർമ്മയിലുണ്ടാകും; ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി appeared first on Indian Express Malayalam.