തിരുവനന്തപുരം: മുൻ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ കഴിഞ്ഞ ദിവസം ആരോപിച്ച സാമ്പത്തിക ക്രമക്കേട് ആരോപണം നിയമസഭിയിലും ഉന്നയിച്ച് കെ.ടി ജലീൽ. മലപ്പുറം എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ മകൻ നടത്തിയിരിക്കുന്ന നിക്ഷേപത്തെ സംബന്ധിച്ചാണ് ചോദ്യോത്തര വേളയിൽ ജലീൽ ചോദ്യം ഉന്നയിച്ചത്.
കാർഷിക വായ്പ സഹകരണ സംഘങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ള 1600 ൽപ്പരം ബാങ്കുകൾക്ക് എൻആർഐ നിക്ഷേപം തുടങ്ങാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപങ്ങൾ എൻ.ആർ.ഇ നിക്ഷേപമാണെന്ന് പറയുന്നതെന്നാണ് ജലീൽ സഭയിൽ ചോദിച്ചത്.
എൻ.ആർ.ഐ നിക്ഷേപത്തിന് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ടോയെന്നും ജലീൽ ചോദിച്ചു. വിശദാംശങ്ങൾ ഇപ്പോൾ കൈവശമില്ലെന്നും പരിശോധിച്ച ശേഷം മറുപടി നൽകാം എന്നാണ് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നൽകിയ മറുപടി.
അതേസമയം നിയമസഭയിൽ കുഞ്ഞാലിക്കുട്ടി അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും, വ്യക്തിപരമായ ആക്ഷേപങ്ങൾ ചോദ്യോത്തരവേളയിൽ ഉന്നയിക്കുന്നത് ശരിയല്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടത്.
മകന്റെ പേരലുള്ളത് എൻആർഇ നിക്ഷേപങ്ങളാണെന്ന് പറഞ്ഞിട്ടില്ലെന്നും എസ്.ബി.ഐ അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്യുകയായിരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്യങ്ങളെ വളച്ചുകെട്ടി ചോദ്യോത്തരവേളയിൽ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരാധനാലയങ്ങളുടെ മറവിൽ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ മകന്റെ നിക്ഷേപങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നൽകുമെന്നും ജലീൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: KT Jaleel on Kunhalikutty`s son`s deposits , asks questions in Assembly