വടക്കാഞ്ചേരി > 80 -ാം പിറന്നാൾ ലഡാക്കിലെ മലമുകളിൽ. അത്താണി മണലിപ്പറമ്പിൽ ജോസ് (79) ആണ് പ്രായത്തെ വെല്ലുന്ന ആത്മവിശ്വാസവുമായി സൈക്കിൾ ചവിട്ടി മുന്നേറുന്നത്. ടോക്കിയോ ഒളിംപിക്സിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ലഹരിക്കെതിരായ ബോധവൽക്കരണവും ലക്ഷ്യമിട്ടാണ് ജോസേട്ടൻ തൃശൂരിൽ നിന്നും 4,300 കിലോമീറ്റർ അകലെയുള്ള ലഡാക്കിലേക്ക് സൈക്കിളിൽ യാത്ര തിരിച്ചത്.
‘വീൽസ് ഓൺ ലൈഫ്’ എന്നു പേരിട്ടിട്ടുള്ള യാത്രക്ക് മുൻ മന്ത്രി സി രവീന്ദ്രനാഥാണ് ഫ്ലാഗ് ഓഫ് ചെയ്തത്. യാത്രയിൽ 3000 കിലോമീറ്റർ ആദ്യഘട്ടം പിന്നിട്ടു കഴിഞ്ഞു. തുടർന്ന് ട്രെയിനിൽ ന്യൂഡൽഹിയിലെത്തി അവിടെനിന്ന് 1,300 കിലോമീറ്ററും സൈക്കിളിൽ താണ്ടും.
തൃശൂരിൽനിന്ന് ലഡാക്കിലേക്ക് നേരിട്ട് സൈക്കിൾയാത്ര നടത്താനായിരുന്നു ആഗ്രഹം. എന്നാൽ കോവിഡ് കാലം വെല്ലുവിളിയായി. ദൂരയാത്രയൊഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചതിനെത്തുടർന്നാണ് യാത്ര രണ്ടു ഘട്ടമാക്കാൻ തീരുമാനിച്ചത്. സൈക്കിൾ, നീന്തൽ മാരത്തോൺ മത്സരങ്ങളിൽ ഈ വയോധികൻ പലതവണ കരുത്ത് തെളിയിച്ചിട്ടുണ്ട്. മാസ്റ്റേഴ്സ് അത്ലറ്റ് ചാമ്പ്യൻ കൂടിയായ ജോസേട്ടൻ തന്റെ സ്വപ്ന ലക്ഷ്യത്തിലേക്ക് സൈക്കിൾ ചവിട്ടി മുന്നേറുകയാണ്.
സൈക്കിളിനോടും കായിക മത്സരങ്ങളോടും 80 -ാം വയസ്സിലും വല്ലാത്ത ലഹരിയാണ്. ലഹരിക്കെതിരെ ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പിൽ നിന്നും പ്ലംബറായി വിരമിച്ച ജോസിന്റെ നേതൃത്വത്തിൽ 2019ൽ നടത്തിയ സൈക്കിൾകേരള പര്യടനം ഏറെശ്രദ്ധ നേടിയിരുന്നു. ജോസടക്കം 30 പേർ സെപ്തംബർ 8 ന് കാസർകോട് ഉപ്പളയിൽ നിന്ന് പര്യടനം ആരംഭിച്ച് 13ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിലാണ് സമാപിച്ചത്. കോഴിക്കോട് നിന്ന് മലപ്പുറംവഴി നിലമ്പൂരിലേക്കും അവിടെ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചെത്തും വിധം നടന്ന ബ്രാവേ സൈക്കിളോട്ട മത്സരത്തിലെ ജേതാവു കൂടിയാണ് ഇയാൾ.