തൃശൂർ> നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേക്ക് കൊണ്ടുവന്ന 41.4 കോടിരൂപ കുഴൽപ്പണം ബിജെപിയുടേതെന്ന് സ്ഥിരീകരിക്കുന്ന കൂടുതൽ വിവരങ്ങളുമായി അന്വേഷക സംഘത്തിന്റെ അധിക റിപ്പോർട്ട്. ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഒന്നിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബിജെപി ഉന്നത നേതാക്കളുടെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നു.
പണം കടത്തിയ ധർമരാജൻ ഹവാല ഏജന്റ് മാത്രമാണ്. ഇയാളുടെ കോൾലിസ്റ്റ് പ്രകാരം പണം നൽകിയ സ്ഥലങ്ങളിലും സമയങ്ങളിലും ബിജെപി നേതാക്കളുടെ സാന്നിധ്യം വ്യക്തമാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു. തെരഞ്ഞെടുപ്പു കമീഷനും ഇഡിയും ആദായനികുതി വകുപ്പും ആവശ്യപ്പെട്ട പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അനധികൃതമായി പണം എത്തിയതിനെക്കുറിച്ചും തെരഞ്ഞെടുപ്പു കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷണവും നടപടികളും തുടരുകയാണ് –- എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം നൽകിയ റിപ്പോർട്ടിൽപറഞ്ഞു. അതേസമയം ഇത്തവണയും പണത്തിന്റെ ഉറവിടം കാണിക്കാൻ ധർമരാജനായില്ല. കേസ് ഈ മാസം 11ലേക്ക് മാറ്റി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻഹാജരായി.