വേങ്ങര > കോട്ടക്കൽ പുത്തൂരിൽ വൻ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ അടഞ്ഞുകിടന്ന കടമുറിയിൽ സൂക്ഷിച്ച 120 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവിന് അരക്കോടിയോളം രൂപ വിലവരും. കടമുറിയിൽ 55 പാക്കുകളിലായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കെട്ടിട ഉടമയായ റാഫി, മുറി വാടകയ്ക്കെടുത്ത ബാവ എന്നിവർക്കെതിരെ എക്സൈസ് അന്വേഷണം ആരംഭിച്ചു.
ബാവ കഴിഞ്ഞ ദിവസം ഇവിടെനിന്നും പൊതികൾ കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ക്വാഡ് തലവൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാർ, സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ടി ആർ മുകേഷ് കുമാർ, എസ് മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർ മുസ്തഫ ചോലയിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ മുഹമ്മദ് അലി, പി സുബിൻ, എസ് ഷംനാദ്, ആർ രാജേഷ്, അഖിൽ, ബസന്ത് കുമാർ, എക്സൈസ് ഡ്രൈവറായ കെ രാജീവ് എന്നിവരാണ് പരിശോധന നടത്തിയത്. കണ്ടെടുത്ത കഞ്ചാവ് തുടർ നടപടികൾക്കായി പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ സംഘത്തിന് കൈമാറി.