കൊച്ചി > കൊച്ചി കപ്പൽശാലയിൽ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് കടലിലെ പരീക്ഷണയാത്ര (സീ ട്രയൽസ്) ആരംഭിച്ചു. കന്നി പരീക്ഷണ യാത്രയിൽ കപ്പലിന്റെ പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽഷൻ, പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ (പിജിഡി), സഹായ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കും. കഴിഞ്ഞ നവംബർ 20ന് തുറമുഖത്ത് നടന്ന ബേസിൻ ട്രയൽസിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പൽഷൻ, പവർ ജനറേഷൻ ഉപകരണങ്ങൾ, സാങ്കേതിക സംവിധാനങ്ങൾ എന്നിവയുടെ കാര്യക്ഷമത പരീക്ഷിച്ചിരുന്നു.
262 മീറ്റർ നീളവും 62 മീറ്റർ വീതിയും സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവുമുള്ള വിമാനവാഹിനിക്കപ്പലിൽ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്മെന്റുകളുമാണുള്ളത്. നാവികരടക്കം 1700 ഓളം ജീവനക്കാർക്കായി രൂപകൽപ്പന ചെയ്ത കപ്പലിൽ വനിതാ ഓഫീസർമാർക്ക് പ്രത്യേക ക്യാബിനുകളുമുണ്ട്. ഗതിനിർണയം സംവിധാനത്തിന്റെയും യന്ത്രസാമഗ്രികളുടെയും നിർമാണത്തിന് ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്തിന് 28 മൈൽ വേഗവും 18 മൈൽ ക്രൂയിസിംഗ് വേഗവും 7,500 മൈൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയുമുണ്ട്. ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് കപ്പൽ രൂപകൽപ്പന ചെയ്തത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് 25 ജൂൺ 21ന് കപ്പൽ സന്ദർശിച്ച് കപ്പലിന്റെ നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്നാണ് കടൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടത്. വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പൽ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടും.