കോഴിക്കോട്> ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വീണ്ടും അറസ്റ്റിലായി.കോഴിക്കോട് രാമനാട്ടുകര നികേതം വീട്ടിൽ വിബിൻ കാർത്തിക്, അമ്മ ശ്യാമള എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 24 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ് . 14 ലക്ഷത്തിന്റെ കാർ വാങ്ങാനായി ലോണെടുത്ത ശേഷം വിലകുറഞ്ഞ വണ്ടിയെടുക്കുകയും ആർ സി ബുക്ക് തിരുത്തി അതേ വാഹനമാണെന്ന് കാണിച്ച് ബാങ്കിനെ കബളിപ്പിക്കുകയുമായിരുന്നു. പിന്നീട് മറ്റൊരു വാഹനത്തിന് 10 ലക്ഷവും വായ്പ എടുത്തിരുന്നു.ഗുരുവായൂർ എസിപി കെ ജി സുരേഷ്, സിഐ സി പ്രോമാനന്ദ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരേയും അറസ്റ്റ് ചെയ്തത്.
രണ്ട് വാഹനങ്ങളുടേയും തിരച്ചടവ് ഇല്ലാതായതോടെ കഴിഞ്ഞ ഫെബ്രുവരി 26 ന് ബാങ്ക് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. . വിബിൻ നേരത്തെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കാർത്തിക് വേണു ഗോപാൽ എന്ന പേരിൽ കോഴിക്കോട് വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. വാഹന പരിശോധനക്കിടെ പൊലീസ് ഗുരുവായൂരിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. 2019 ഒക്ടോബർ 27ന് അമ്മയേയും മകനേയും സമാനമായ കേസിൽ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗുരുവായൂരിലെ ബാങ്ക് മാനേജരായ കുന്നംകുളം സ്വദേശി സുധയെ കബളിപ്പിച്ച് 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലായിരുന്നു അന്ന് അറസ്റ്റിലായത്. പിന്നീട് ഇവർക്കെതിരെ ബാങ്കുകാർ അടക്കം നിരവധി പേർ പരാതിയുമായെത്തി.
വിബിൻ ഐപി.എസ് ഉദ്യോഗസ്ഥനാണെന്ന വ്യാജ സാലറി സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിവിധ ബാങ്കുകളിൽ നിന്ന് ആഡംബര കാറുകൾ വായ്പയെടുക്കുകയും പിന്നീട് വായ്പ അടച്ച് തീർന്നതായുള്ള വ്യാജരേഖയുണ്ടാക്കി കാർ മറിച്ച് വിൽപ്പന നടത്തുകയുമാണ് പതിവ്. തൃശൂർ സിവിൽ സ്റ്റേഷൻ ലോക്കൽഫണ്ട് ഓഡിറ്റ് ഓഫീസർ എന്ന വ്യാജ രേഖയുണ്ടാക്കി ശ്യാമളയാണ് വിബിന് ബാങ്കുകളിൽ ജാമ്യം നിന്നിരുന്നത്. ഐപിഎസ് പരീക്ഷ പാസായെന്നും ഇന്റർവ്യു മാത്രമാണ് ബാക്കിയുള്ളതെന്നുമാണ് വിബിൻ നാട്ടുകാരെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. ഗുജറാത്ത് ഐ.പി.എസ് ഓഫീസറുമായി വിവാഹിതനാവാൻ പോവുകയാണെന്നും ഇയാൾ നാട്ടുകാരെ പറഞ്ഞു ധരിപ്പിച്ചിരുന്നു.