തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് സഭയിൽ പ്രഖ്യാപിച്ചു ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സർക്കാരിന് മുന്നിൽ ഉയർന്നുവന്ന നിർദേശം. ജനസംഖ്യയിൽ ആയിരം പേരിൽ എത്രപേർക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രോഗവ്യാപനം തടയുന്നതിന് ആൾക്കൂട്ടം തടയുക എന്നത് ഏറ്റവും പ്രധാനമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾ ഉൾപ്പടെ ജനങ്ങൾ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവിൽ തുടരേണ്ടതുണ്ട്. ആരാധനാലയങ്ങളിൽ വിസ്തീർണ്ണം കണക്കാക്കി വേണം ആളുകളെ ഉൾക്കൊള്ളിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാന സർക്കാർ നടപ്പാക്കി വന്ന കോവിഡ് പ്രതിരോധ നടപടികൾ വിജയകരമാണെന്ന് മന്ത്രി അവകാശപ്പെട്ടു.
നിയന്ത്രണങ്ങൾ ഇങ്ങനെ
ആഴ്ചയിൽ ആറ് ദിവസവും കടകളും തുറക്കാം
കടകൾ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് വരെ
ഞായറാഴ്ച മാത്രം ഇനി ലോക്ഡൗൺ.
ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് എത്താം.
വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർക്ക്പങ്കെടുക്കാം.
ഇന്നത്തെ പൊതുസാഹചര്യവും വാക്സിനേഷന്റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങൾക്ക്, ഒരു സ്ഥലത്തെ ജനസംഖ്യയുടെ ആയിരം പേരിൽ പത്തിൽ കൂടുതൽ രോഗികൾ ഒരാഴ്ച്ച ഉണ്ടായാൽ അവിടെ ട്രിപ്പിൾ ലോക്ഡൗണും മറ്റുള്ളയിടങ്ങളിൽ ആഴ്ച്ചയിൽ ആറു ദിവസം പ്രവർത്തിക്കാനുള്ള അനുമതിയും ഉണ്ടാകും.
സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-നും ഓണദിനമായ ഓഗസ്റ്റ് 22-നും ലോക്ഡൗൺ ഉണ്ടാവില്ല.
സാമൂഹിക അകലം പാലിക്കുന്നത് വ്യാപാര സ്ഥാപനങ്ങൾ ഉറപ്പാക്കണം.
വാക്സിനെടുത്തവരും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവർ കടയിൽ പോകുന്നതാണ് അഭികാമ്യം.
25 ചതുരശ്ര അടിയിൽ ഒരാൾ വീതം എന്ന നിയന്ത്രണം കടകളിൽ പാലിക്കണം