കാസർകോട് > ആർഎസ്പി കാസർകോട് ജില്ലാ കമ്മിറ്റിയിൽ നിന്ന് കൂട്ടരാജി. 21 അംഗ ജില്ലാ കമ്മിറ്റിയിൽ നിന്ന് നാല് സെക്രട്ടറിയറ്റ് അംഗങ്ങളടക്കം 11 നേതാക്കൾ പാർടി വിട്ടതായി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാസർകോട്, തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റികളും പിരിച്ചുവിട്ടു.
ചവറ നിയമസഭാ മണ്ഡലത്തിൽ ഷിബു ബേബിജോണിനെ പരാജയപ്പെടുത്തിയ പാർടി പ്രവർത്തകർക്കെതിരെ നടപടി എടുക്കാൻ പോലും നേതൃത്വത്തിന് കെൽപില്ല. കഴിഞ്ഞ ആറ് മാസമായി പാർടി നിർജീവമാണ്. എൻ കെ പ്രേമചന്ദ്രൻ എംപി പാർടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഷിബു ബേബിജോൺ നിഷ്ക്രിയമായി. ആർഎസ്പിയുടെ നിലനിൽപ് പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പാർടി വിടുന്നതെന്നും നേതാക്കൾ പറഞ്ഞു.
ആർഎസ്പി ജില്ല അസി. സെക്രട്ടറിയും ആർവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കരീം ചന്തേര, ബെന്നി നാഗമറ്റം, എ വി അശോകൻ, ഉബൈദുള്ള കടവത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുഭാഷ് ചീമേനി, ടി കെ മുസ്തഫ, സീനത്ത് സതീശൻ, മുഹമ്മദലി കൊളവയൽ, ടി കെ കുഞ്ഞഹമ്മദ്, ഒ ടി ലത്തീഫ്, മോഹനൻ ചുണ്ടംകുളം എന്നിവരാണ് രാജി പ്രഖ്യാപനവുമായി വാർത്തസമ്മേളനം നടത്തിയത്. സീനത്ത് സതീശൻ ഐക്യ മഹിളാ സംഘം ജില്ലാ പ്രസിഡന്റാണ്. കൂടുതൽ പേർ ആർഎസ്പി വിടുമെന്നും ഭാവി പരിപാടികൾ പിന്നീട് തീരുമാനിക്കുമെന്നും അറിയിച്ചു.