സംസ്ഥാനത്ത് മരണനിരക്ക് 0.50 ശതമാനമാണെന്നിരിക്കേ അഖിലേന്ത്യാ ശരാശരി 1.34 ശതമാനമാണ്. രോഗനിര്‍ണ്ണയത്തിനും രോഗവ്യാപനത്തോത് അളക്കുന്നതിനും ഏറ്റവും ഫലപ്രദമായ രീതി വ്യാപകമായ ടെസ്റ്റിംഗാണ്. കേരളത്തിലെ ടെസ്റ്റ് പെര്‍ മില്ല്യണ്‍ (ദശലക്ഷത്തില്‍ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം) 7,93,391 ആണ്. അഖിലേന്ത്യാ ശരാശരി 3,41,517 ആണ്.
രോഗചികിത്സ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ നിശ്ചിത നിരക്കിലുമാണ് നല്‍കിവരുന്നത്. ഇത്തരം മെച്ചപ്പെട്ട സൂചികകള്‍ ഉള്ളപ്പോഴും നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.45 ശതമാനമാണ്. അഖിലേന്ത്യാതലത്തില്‍ ഇത് 6.73 ശതമാനമാണ്. നമ്മുടെ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുകയും അതിന്റെ അടിസ്ഥാനത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
മുഴുവന്‍ ജനങ്ങള്‍ക്കും കുറഞ്ഞ സമയത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കുകയാണ് കേരളത്തിന്‍റെ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍റെ ലഭ്യതയെ ആശ്രയിച്ചാണ് ഇതുള്ളത്. വാക്‌സിന്‍ ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാനാവുവെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കഴിയാവുന്നത്ര ജനങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ നടത്തുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
സംസ്ഥാനത്ത് ഇതുവരെ 1,47,90,596 പേര്‍ക്ക് ഒന്നാം ഡോസും 62,01,105 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിട്ടുണ്ട്. ആകെ 2,09,91,701 ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 42.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലുമാണ്. മാത്രമല്ല, രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം കണക്കിലെടുത്താല്‍ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണെന്ന് കാണാമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഓഗസ്റ്റ് 2ന് അയച്ച കത്തില്‍ 60 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഈ മാസം ലഭ്യമാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതുവരെ ജനങ്ങളില്‍ രോഗം വ്യാപിക്കാതിരിക്കാനും അതോടൊപ്പം ജനങ്ങളുടെ ജീവസന്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉതകുന്നവിധത്തിലുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.