Tokyo Olympics 2020: രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയ ഏക ഇന്ത്യൻ വനിതയെന്ന അപൂർവ നേട്ടത്തോട് കൂടിയാണ് ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് ശേഷം ഷട്ട്ലർ പിവി സിന്ധു ഇന്ത്യയിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച നാട്ടിലേക്ക് തിരിച്ചെത്തിയ താരത്തെ അഭിമാനത്തോടെ വരവേൽക്കുകയാണ് രാജ്യം.
അഞ്ച് വർഷം മുമ്പ് റിയോ ഗെയിംസിൽ വെള്ളി നേടിയ നിലവിലെ ലോക ചാമ്പ്യനായ സിന്ധു ടോക്യോ ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടത്തോടെ തന്റെ കരിയറിലെ രണ്ടാം ഒളിംപിക് മെഡലും സ്വന്തമാക്കുകയായിരുന്നു. ടോക്യോയിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ സിന്ധു ടെർമിനലിൽ നിന്ന് എയർപോർട്ട് ജീവനക്കാരുടെ പ്രശംസകൾക്കിടയിലൂടെയാണ് പുറത്തിറങ്ങിയത്. മുഖാവരണം ധരിച്ച സിന്ധുവിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) ജനറൽ സെക്രട്ടറി അജയ് സിംഘാനിയയും, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ഇന്ത്യൻ ഷട്ടിൽ താരത്തെ സ്വീകരിച്ചു.
Read More: Tokyo Olympics 2020: സിന്ധുവിന്റെ വാക്കുകള്‍ കണ്ണീരണിയിച്ചു, കൂടെ നിന്നതിന് നന്ദി: തായ് സൂ യിങ്
സിന്ധുവിനെയും അവരുടെ കൊറിയൻ പരിശീലകൻ പാർക്ക് തേ-സോങ്ങിനെയും സിംഗാനിയ വിമാനത്താവളത്തിൽ വച്ച് ആദരിച്ചു.
“തീർച്ചയായും ഞാൻ വളരെ സന്തോഷവതിയും ആവേശഭരിതയുമാണ്, ഓരോ ആളും എന്നെ അഭിനന്ദിച്ചു, എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് ബിഎഐക്കും എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഇത് ആവേശകരവും സന്തോഷകരവുമായ നിമിഷമാണ്,” സിന്ധു പറഞ്ഞു.
മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ചൈനയുടെ ഹി ബിംഗ് ജിയാവോയെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് സ്വദേശിനിയായ 26-കാരിയായ താരം വെങ്കലമെഡൽ സ്വന്തമാക്കിയത്.
The post Tokyo Olympics 2020: ‘ഇത് ആവേശകരവും സന്തോഷകരവുമായ നിമിഷം;’ അഭിമാനത്തോടെ തിരിച്ചെത്തി പിവി സിന്ധു appeared first on Indian Express Malayalam.