കോഴിക്കോട്: ആഫ്രിക്കയിൽ കോവിഡ് ബാധിച്ച് മരിച്ച മലപ്പുറത്തെ കപ്പൽ ജീവനക്കാരന്റെമൃതദേഹം മുംബൈയിൽ എത്തിയപ്പോൾ ആഭ്യന്തര വിമാന കമ്പനികളുടെ വിലക്ക്. ഐക്കരപ്പടയിലെ വിനീത് കൃഷ്ണന്റെ മൃതദേഹമാണ് മുംബൈയിൽ എത്തിച്ചിട്ടും അവിടെ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടുവരാൻ ആഭ്യന്തര വിമാന കമ്പനികൾ വിസമ്മതിച്ചത്. തുടർന്ന് മണിക്കൂറുകളോളംമൃതദേഹം അനാഥമായി കിടന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മൃതദേഹം പാക്ക് ചെയ്തു എന്നാണ് കമ്പനികൾ പറഞ്ഞ ന്യായം. എന്നാൽ ഡബ്ലു.എച്ച്.ഒ യുടെ എല്ലാ മാനദണ്ഡങ്ങളുംപാലിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്ന് തിങ്കളാഴ്ച തന്നെ മൃതദേഹം വിമാനമാർഗം മുംബൈയിൽ എത്തിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ ഇരുപതിനാണ് വിനീത് ആഫ്രിക്കയിൽ വെച്ച്മരിച്ചത്. തുടർന്ന് വിനീത് ജോലി ചെയ്തിരുന്ന അറ്റ്ലാൻഡ്സ് ക്രൂ മാനേജ്മെന്റ് മൃതദേഹം സെനഗലിൽ നിന്ന് പാരീസിലേക്കും പാരീസിൽ നിന്ന് മുംബെയിലേക്കും വിമാനമാർഗം എത്തിച്ചു. പക്ഷെ മുംബൈയിൽ വിലക്കായി. വിദേശ വിമാന കമ്പനികൾക്കൊന്നും പ്രശ്നമില്ലാത്ത എന്ത് കോവിഡ് മാനദണ്ഡ പ്രശ്നമാണ് ആഭ്യന്തര വിമാന കമ്പനികൾക്കുള്ളതെന്നാണ് മർച്ചന്റ്നേവി അസോസിയേഷൻ ചോദിക്കുന്നു.
ഒന്നിലധികം വിമാന അധികൃതരുമായി അറ്റ്ലാൻഡ്സ് മാനേജ്മെന്റ് സംസാരിച്ചുവെങ്കിലും മൃതദേഹം കയറ്റാൻ ആരും തയ്യാറായില്ലെന്ന് വിനീതിന്റെ ബന്ധുക്കൾ പറയുന്നു. ഇതോടെ റോഡ് മാർഗമാണ് മൃതദേഹം വീട്ടിലെത്തിക്കുന്നത്. ഇന്ന് വൈകീട്ടോടെ വീട്ടിലെത്തുന്ന മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കും.
ആഭ്യന്തര വിമാന കമ്പനികളുടെ അവഗണന മൂലം ഒരു മണിക്കൂറിലെത്തേണ്ട മൃതദേഹമാണ് 24 മണിക്കൂർ കൊണ്ട് വീട്ടിലെത്തിക്കേണ്ട അവസ്ഥയുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു.