തിരുവനന്തപുരം> ഈ അധ്യയനവർഷം പ്ലസ് ടുവിന് മലബാർ മേഖലയിൽ 20 ശതമാനവും മറ്റിടത്ത് 10 ശതമാനവും സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്ത് ആകെ 306150 സീറ്റുകൾ ഉണ്ടാകും. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റ് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓൺലൈൻ ക്ലാസിനുള്ള ഗൂഗിൾ ജി സ്യൂട്ട് പ്ലാറ്റ്ഫോം സൈബർ നിയമം നിഷ്കർഷിക്കുന്ന എല്ലാ സുരക്ഷയും പാലിച്ചാകും നടപ്പാക്കുക. സൗജന്യ സേവനം, വ്യക്തിഗത വിവരം ഒഴിവാക്കൽ, വിവരങ്ങളിൽ സർക്കാരിന് പൂർണ നിയന്ത്രണം, പരസ്യം ഒഴിവാക്കൽ തുടങ്ങിയ വ്യവസ്ഥ ഉറപ്പാക്കിയാണ് ധാരണ പത്രമെന്നും മന്ത്രി പറഞ്ഞു.
ഓൺലൈൻ പഠനോപകരണം ലഭ്യമല്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് സ്കൂൾ തലത്തിൽ പൂർത്തിയായി. ഇവ ഏകീകരിച്ച് കലക്ടർമാരുടെ റിപ്പോർട്ട് ലഭ്യമാകുന്നതോടെ സംസ്ഥാന കണക്ക് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.