ഇറക്കുമതി ചെയ്ത വിദേശനിർമ്മിത മദ്യങ്ങളുടെ വിലയിൽ മാറ്റം ഉണ്ടായിട്ടില്ലെന്നും നിരക്ക് വർധിച്ചിട്ടില്ലെന്നും സി.എം.ഡി യോഗേഷ് ഗുപ്ത വ്യക്തമാക്കി. ബെവ്കോ അംഗീകരിച്ച വിലവിവരപ്പട്ടികയല്ല പുറത്തുവന്നിരിക്കുന്നത്. പല സാഹചര്യങ്ങൾക്കനുസരിച്ചുള്ള ലാഭവിഹിത വർധന ബെവ്കോയുടെ ഫിനാൻസ് വിഭാഗം കണക്ക് കൂട്ടാറുണ്ട്. അക്കൂട്ടത്തിൽ ഐ.ടി വകുപ്പിന് നൽകിയ ഒരു വർക്ക് ഷീറ്റാകും പുറത്തുവന്നതെന്നും പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ നിർമ്മിത മദ്യത്തിന്‍റെ വില കൂട്ടിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സർക്കാർ ഇടപെടൽ ഉണ്ടാകുകയും ബെവ്കോ തീരുമാനം മരവിപ്പിക്കുകയുമായിരുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക നഷ്ടം പരിഹരിക്കാനാണ് വിദേശ നിർമ്മിത മദ്യത്തിന്‍റെ വില കൂട്ടിയതെന്ന പ്രചാരണം ശക്തമായിരുന്നു.
നിരക്ക് വർധന പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിൽ പ്രമുഖ ബ്രാൻഡുകൾക്ക് 1500 രൂപ മുതൽ 2000 രൂപവരെ വർധിക്കുമായിരുന്നു മുൻപ് പുറത്തുവന്ന റിപ്പോർട്ട്. വെയൻ ഹൗസ് മാർജിൻ അഞ്ച് ശതമാനത്തിൽ നിന്ന് 14 ശതമാനമായു റീട്ടെയിൽ മാർജിൻ മൂന്ന് ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തിയതോടെയാണ് വിദേശ നിർമ്മിത മദ്യത്തിൻ്റെ വില വർധിക്കുന്ന സാഹചര്യം ഉണ്ടായത്.