തിരുവനന്തപുരം
പിഎസ്സി റാങ്ക് പട്ടികകൾ അനന്തമായി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇനിയും കാലാവധി നീട്ടണമെന്ന പ്രതിപക്ഷ വാദം പരീക്ഷയെഴുതാൻ പോകുന്ന ലക്ഷക്കണക്കിന് യോഗ്യരായ ഉദ്യോഗാർഥികളെ പെരുവഴിയിലാക്കും. റാങ്ക് പട്ടികയിലുള്ള മുഴുവൻ പേർക്കും നിയമനം നൽകുകയെന്നത് പ്രായോഗികമല്ല. ഒരു സർക്കാരിനും അത് സാധിക്കില്ല. ആഗസ്ത് നാലിന് കാലാവധി അവസാനിക്കുന്ന പട്ടികകൾ മൂന്നുവർഷത്തെ കാലാവധിക്കുശേഷവും നീട്ടി നൽകിയതാണ്. ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് വ്യാപന തീവ്രത കുറഞ്ഞാലുടനെ മത്സരപരീക്ഷകൾ പുനരാരംഭിക്കാൻ പിഎസ്സി നടപടി സ്വീകരിക്കും. പരമാവധി ഒഴിവ് റിപ്പോർട്ട് ചെയ്യുക, കാലാവധിക്കകം നിയമനം നൽകുക എന്നതാണ് സർക്കാർ നയം. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. സംവരണത്തിന് അർഹരായവരെ ആവശ്യത്തിനു കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ നിയോഗിച്ച കമീഷൻ നിർദേശമനുസരിച്ചാണ് റാങ്ക് പട്ടികകൾ ഇത്ര വലുപ്പമുള്ളതായത്. നിയമനങ്ങൾ പരമാവധി പിഎസ്സി മുഖേന നടത്തണമെന്നതാണ് സർക്കാർ നയം.
പിഎസ്സിയെ നിരന്തരം അവമതിക്കുന്ന ശൈലി പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗാർഥികൾക്ക് നേരത്തെ സർക്കാർ കൊടുത്ത ഉറപ്പുകൾ മുഴുവൻ പാലിക്കണമെന്ന് ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. അടിയന്തരപ്രമേയം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം സഭ വിട്ടു.