തിരുവനന്തപുരം
കപ്പൽ ചരക്ക് ഗതാഗതത്തിനുള്ള റിട്ടേൺ ഇൻസെന്റീവ് മൂന്നു വർഷംകൂടി നീട്ടുന്നത് പരിഗണിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയെ അറിയിച്ചു. റിട്ടേൺ കാർഗോ ലഭിക്കാത്ത ഷിപ്പിങ് കമ്പനികൾക്ക് ഉണ്ടാകാവുന്ന നഷ്ടം പരിഹരിക്കുന്നതാണ് ആനുകൂല്യം.
പൊന്നാനി തുറമുഖ നിർമാണത്തിനുള്ള 29 ഏക്കറിൽ ഒമ്പത് ഏക്കർകൂടിയേ കെെമാറാനുള്ളൂ. മലബാർ പോർട്ട് ലിമിറ്റഡ് നിർമാണം സമയബന്ധിതമായി ആരംഭിച്ചില്ലെങ്കിൽ കരാർ മാറ്റിനൽകും. തലശേരി കടൽപ്പാലം സംരക്ഷിക്കും. വിഴിഞ്ഞം തുറമുഖ പൂർത്തീകരണത്തിന് പാറ ലഭ്യതക്കുറവും കോവിഡ് നിയന്ത്രണവും തടസ്സമാകുന്നു. പാറ എത്തിക്കാൻ തമിഴ്നാട് സർക്കാരിന് കത്തെഴുതിയിട്ടുണ്ട്.
ആലപ്പുഴ തുറമുഖ നവീകരണ പ്രശ്നങ്ങൾ അടുത്താഴ്ച ചർച്ച ചെയ്യും. മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ യൂണിറ്റ് സ്വാതന്ത്ര്യദിനത്തിൽ ആരംഭിക്കും. കൊല്ലം, ബേപ്പൂർ തുറമുഖ ആഴം വർധിപ്പിക്കാൻ പദ്ധതിരേഖ ധന, ആസൂത്രണ വകുപ്പ് അംഗീകാരത്തിനു നൽകി. കണ്ണൂർ അഴീക്കൽ, ബേപ്പൂർ, കൊച്ചി, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് റോ-റോ സർവീസ് ആരംഭിക്കും. അഴീക്കൽ തുറമുഖത്തിന്റെ സാങ്കേതിക സാധ്യതാപഠനം, വിശദപദ്ധതി രേഖ, പാരിസ്ഥിതിക പഠനം എന്നിവയ്ക്ക് ടെക്നിക്കൽ കൺസൾട്ടൻസിയെ നിയമിച്ചു.
പുറംകടലിൽ വലിയ തുറമുഖ നിർമാണമാണ് പദ്ധതി. ഒന്നാംഘട്ടത്തിന് 3000 കോടി ചെലവുവരും. പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.