ന്യൂഡൽഹി
ചർച്ചപോലുമില്ലാതെ ജനറൽ ഇൻഷുറൻസ് മേഖല വിദേശ കുത്തക കമ്പനികൾക്ക് അടിയറവയ്ക്കുന്ന ബിൽ ലോക്സഭയിൽ സർക്കാർ പാസാക്കിയെടുത്തു. പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിക്കുന്ന സാഹചര്യം മുതലെടുത്താണ് മോഡിസർക്കാരിന്റെ കോർപറേറ്റ് സേവ. രാജ്യതാൽപ്പര്യത്തിന് ഹാനികരമായ ബിൽ തിരക്കിട്ട് പാസാക്കരുതെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി.
ജനറൽ ഇൻഷുറൻസ് കോർപറേഷനിലും (ജിഐസി) അനുബന്ധ സ്ഥാപനങ്ങളായ നാഷണൽ, ന്യൂ ഇന്ത്യ, ഓറിയന്റൽ, യുണൈറ്റഡ് ഇന്ത്യ എന്നിവയിലും കേന്ദ്രസർക്കാരിന് 51 ശതമാനമെങ്കിലും ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്ന 1972ലെ നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണ് ലോക്സഭ പാസാക്കിയത്. കേന്ദ്ര സർക്കാരിന് ഇവയിൽ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശവും ഭൂരിപക്ഷം ഡയറക്ടർമാരെ നിയമിക്കാനുള്ള അവകാശവും ഇല്ലാതാകും.
ജീവനക്കാരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ ഡയറക്ടർ ബോർഡിന് മാറ്റാം. പുതിയ ഇനം ഇടപാടുകൾ നടത്താൻ ജനറൽ ഇൻഷുറൻസ് ബിസിനസിന്റെ നിർവചനവും ഭേദഗതി ചെയ്തിട്ടുണ്ട്. ഇൻഷുറൻസ് കമ്പനികളിൽ കൂടുതൽ സ്വകാര്യപങ്കാളിത്തം നൽകാനാണ് നിയമ ഭേദഗതിയെന്ന് ധന മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. മേഖലയിൽ 74 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിനു തുടർച്ചയായാണ് സ്വകാര്യവൽക്കരണം. രാജ്യത്ത് പ്രതിവർഷം രണ്ടു ലക്ഷം കോടിയോളം രൂപയുടെ ഇടപാടാണ് ജനറൽ ഇൻഷുറൻസ് മേഖലയിൽ നടക്കുന്നത്. ഇതിൽ കണ്ണുവച്ചിരിക്കുന്ന വിദേശഭീമന്മാർക്കു വേണ്ടിയാണ് പരിഷ്കാരങ്ങൾ. രാജ്യസഭയിലും ഇതേരീതിയിൽ ബിൽ പാസാക്കാനാണ് സർക്കാർ നീക്കം.
നഷ്ടപരിഹാരം പ്രതിസന്ധിയിലാകും
ജനറൽ ഇൻഷുറൻസ് സ്ഥാപനങ്ങൾ രാജ്യത്തെയും വിദേശത്തെയും സ്വകാര്യ കമ്പനികൾ കൈയടക്കുന്നതോടെ വാഹനങ്ങളുടെ തേർഡ് പാർടി ഇൻഷുറൻസ് അടക്കമുള്ള മേഖലകളിൽ പ്രീമിയം നിശ്ചയിക്കൽ, നഷ്ടപരിഹാരം എന്നിവയിൽ സാധാരണക്കാരുടെ താൽപ്പര്യം ഹനിക്കപ്പെടും. കേസുകളുടെ നടത്തിപ്പ് സങ്കീർണമാകും. പൊതുമേഖലാ സ്ഥാപനങ്ങൾ ഇല്ലാതാകുന്നതോടെ തൊഴിൽ സ്ഥിരതയും നിയമനത്തിലെ സംവരണവും അവസാനിക്കും.