ബാങ്കിൽ നടന്ന അഴിമതിക്കെതിരെ പ്രതിഷേധിച്ച തനിക്ക് വധഭീഷണിയുണ്ടെന്ന് സുജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ടായിരുന്നു സമരം.
ജൂൺ 14 മുതൽ ബാങ്കിനു മുന്നിൽ റോഡിൽ കുത്തിയിരുന്നാണ് സുജേഷ് സമരം നടത്തിയത്. സമരത്തിന് മറ്റു പാര്‍ട്ടികൾ പിന്തുണ നൽകിയതോടെ സിപിഎം പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് വധഭീഷണി എത്തിയത്.
അതേസമയം, വായ്പ്പാ തട്ടിപ്പിൽ കൂടുതൽ തെളിവുകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ഒരേ ആധാരത്തിൽ രണ്ടിലധികം വായ്പ 24 പേര്‍ക്ക് അനുവദിച്ചെന്നാണ് കണ്ടെത്തൽ. ഇതിൽ പത്ത് വായ്പകൾ പ്രതികളുടെ കുടുംബത്തിൽ പെട്ടവര്‍ക്കാണ് അനുവദിച്ചിരിക്കുന്നത്. ഒരാൾക്ക് അമ്പത് ലക്ഷത്തിൽ അധികം വായ്പ നൽകരുതെന്ന വ്യവസ്ഥയും ലംഘിച്ചിട്ടുണ്ട്. 11 പേര്‍ക്കാണ് അമ്പത് ലക്ഷത്തിൽ അധികം വായ്പ അനുവദിച്ചത്.
മൂന്നു കോടി രൂപ പ്രതികൾ തരപ്പെടുത്തിയത് ഭരണ സമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണെന്നും അന്വേഷണ സംഘം കണ്ടെത്തി. വ്യാജരേഖ ചമച്ചതിന് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ബന്ധുക്കളുടെ പേരിൽ പ്രതികൾ നടത്തിയ ഭൂമി ഇടപാടുകൾ അടക്കം അന്വേഷിക്കുന്നുണ്ട്.