Tokyo Olympics 2020: ഒളിംപിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു ഇന്നലെ ടോക്കിയോയിലെ ട്രാക്കില്‍ നടന്നത്. ഖത്തറിന്റെ മുതാസ് ഈസ ബാർഷിമും ഇറ്റലിയൂടെ ജിയാൻമാർക്കോ ടാംബേരിയും ചേര്‍ന്ന് ലോക കായിക മാമാങ്കത്തില്‍ സ്വര്‍ണം പങ്കു വച്ചു കൊണ്ട് സ്വര്‍ണത്തിനേക്കാള്‍ മൂല്യമെന്തിനെന്ന് തെളിയിക്കുകയായിരുന്നു.
ഹൈ ജമ്പില്‍ രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തിനൊടുവില്‍ ഇരുവരും 2.37 മീറ്റര്‍ ചാടി ഒപ്പമെത്തി. 2.39 മീറ്റര്‍ ചാടാന്‍ രണ്ട് പേര്‍ക്കും സാധിച്ചില്ല. ഒടുവില്‍ മാച്ച് ഒഫിഷ്യലെത്തി വിജയിയെ തീരുമാനിക്കാന്‍ ഒരു ഡിസൈഡര്‍ ജമ്പ് നിര്‍ദേശിച്ചു.
ഖത്തറിന്റെ ബാര്‍ഷിം അദ്ദേഹത്തിനോട് ചോദിച്ചു, “രണ്ട് സ്വര്‍ണമെഡലുകള്‍ കൊടുക്കാന്‍ കാണുമോ എന്ന്”. അയാള്‍ അതിന് തീര്‍ച്ചയായും എന്ന് മറുപടി നല്‍കി. പിന്നീട് ടോക്കിയോയിലെ മൈതാനം കണ്ടത് 21-ാം നൂറ്റാണ്ട് ഇതുവരെ സാക്ഷ്യം വഹിക്കാത്ത ഒന്നിനായിരുന്നു.
ബാര്‍ഷിമും ടാംബേരിയും പരസ്പരം നോക്കി. രണ്ട് പേര്‍ക്കും മനസിലായി. ടാംബേരി ഓടിയെത്തി ബാര്‍ഷിമിനെ വാരി പുണര്‍ന്നു. രണ്ട് പേര്‍ക്കും സന്തോഷം അടക്കാനാകാത്ത നിമിഷമായിരുന്നു അത്. തങ്ങളുടെ രാജ്യങ്ങളുടെ പതാകയേന്തി ഇരുവരും മൈതാനത്തിന് വലം വച്ചു.
“ടാംബേരി എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ ഒരുമിച്ചാണ് പരിശീലനം. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. ഇതാണ് ഞങ്ങള്‍ നല്‍കാനാഗ്രഹിക്കുന്ന സന്ദേശം,” ബാര്‍ഷിം പറഞ്ഞു.
ഇറ്റാലിയന്‍ താരത്തിന് തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ നിമിഷമായിരുന്നു അത്. റിയോ ഒളിംപിക്സിന് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ടാംബേരിയുടെ കാലിന് പരുക്കേറ്റിരുന്നത്.
“പരുക്കുകള്‍ക്ക് ശേഷം തിരിച്ചു വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത് സ്വര്‍ണം നേടിക്കൊണ്ടായി. ഒരുപാട് നാള്‍ സ്വപ്നം കണ്ട ഒന്നാണിത്. റിയോയില്‍ സംഭവിച്ച പരുക്കിന് ശേഷം കളത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കുമെന്ന് കരുതിയതല്ല,” ടാംബേരി പറഞ്ഞു.
Also Read: Tokyo Olympics 2020: സിന്ധുവിന്റെ വാക്കുകള്‍ കണ്ണീരണിയിച്ചു, കൂടെ നിന്നതിന് നന്ദി: തായ് സൂ യിങ്
The post Tokyo Olympics 2020: സ്വര്‍ണമെഡല്‍ പങ്കിട്ടു; ബാര്‍ഷിം-ടാംബേരി സൗഹൃദത്തിന് കൈയടിച്ച് ലോകം appeared first on Indian Express Malayalam.