സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ ഉയർന്ന തോതിൽ തുടരുന്ന സാഹചര്യത്തിലാണ് കടകൾ തുറന്ന് പ്രവർത്തിക്കുന്ന കാര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നിലപാട് വ്യക്തമാക്കിയത്. ഈ മാസം ഒൻപത് മുതൽ സംസ്ഥാനത്തെ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും. സർക്കാരുമായി ചർച്ചകൾക്ക് തയ്യാറാണെങ്കിലും കടകൾ തുറക്കുന്നതിൽ മാറ്റമില്ല. മൈക്രോ കണ്ടയ്ൻമെന്റ് സോണുകളാക്കി തിരിച്ചാൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാകുമെന്നും ടി നസറുദ്ദീൻ പറഞ്ഞു.
സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം ഉണ്ടാകണം. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വാക്ക് വിശ്വസിച്ചാണ് കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും മുൻപ് പിന്നോട്ട് പോയത്. എന്നാൽ, വാക്ക് പാലിക്കാൻ സർക്കാർ തയ്യാറായില്ല. കടകൾ തുറക്കാനുള്ള നിലവിലെ തീരുമാനത്തിൽ മാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അശാസ്ത്രീയ പിൻ വലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ സംസ്ഥാന സർക്കാർ ബുധനാഴ്ച തീരുമാനമെടുക്കുന്ന സാഹചര്യത്തിലാണ് കോടതി ഹർജി മാറ്റിവച്ചത്. ഇക്കാര്യം കോടതി വ്യക്തമാക്കുകയും ചെയ്തു. സർക്കാർ തീരുമാനം അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.