ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടിയായിരുന്നു ഇരയായ പെൺകുട്ടിയുടെ ഹർജി. വിവാഹത്തിനായി രണ്ട് മാസത്തെ ജാമ്യം ആണ് പെൺകുട്ടി ആവശ്യപ്പെടുന്നത്. നാല് വയസുള്ള മകനെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛൻ്റെ പേര് രേഖപ്പെടുത്താൻ വിവാഹം അനിവാര്യമാണെന്നാണ് പെൺകുട്ടി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.
വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന മുൻ വൈദികൻ കൂടിയായ റോബിൻ വടക്കുംചേരിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. വിവാഹം കഴിക്കാൻ ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടിലാണ് കേരളം. വിവാഹമെന്നത് വ്യതിപരമായ കാര്യമായതിനാൽ വിവാഹത്തെ എതിർക്കുന്നില്ലെങ്കിലും എന്നാൽ പോക്സോ കേസിൽ പ്രതിക്ക് ജാമ്യം നൽകുന്നതിലെ അപാകതയും കേരളം ചൂണ്ടിക്കാട്ടും.
റോബിൻ വടക്കുംചേരി കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരിക്കെ 2016ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. മൂന്ന് വകുപ്പുകളിലായി 60 വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്സോ കടതി വിധിച്ചത്. എന്നാൽ, മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയെന്നും വിധിച്ചിരുന്നു. 2017 ഫെബ്രുവരിയില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.