തിരുവന്തപുരം : കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്ത് നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടകവും തമിഴ്നാടും. വാളയാർ അതിർത്തിയിൽ തമിഴ്നാട് പോലീസ് പരിശോധന തുടങ്ങി. അതിർത്തി കടക്കുന്നവരുടെ ഇ പാസാണ് പരിശോധിക്കുന്നത്.
72 മണിക്കൂറിനുള്ളിലുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും നിലവിൽ പരിശോധനയില്ല. ഈ മാസം അഞ്ചുമുതലാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുക. രണ്ടുഡോസ് വാക്സിൻ എടുത്തവർക്ക് ഇളവുലഭിക്കും.
കാസർഗോഡ് അതിർത്തിയിൽ കർണാടകവും പരിശോധന തുടങ്ങിയിട്ടുണ്ട്.കർണാടകത്തിലേക്ക്കടക്കാൻ 72 മണിക്കൂറിനുള്ളിലുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. രണ്ടുതവണ വാക്സിൻ എടുത്തവർക്ക് ഇളവുണ്ടാകില്ല.
നിബന്ധനകൾ കടുപ്പിച്ചതോടെ അന്തർ സംസ്ഥാന ബസ്സുകളുടെ സർവീസ് പ്രതിസന്ധിയിലായി. കേരളത്തിൽ നിന്നുള്ള ബസ്സുകൾ ഒരാഴ്ചത്തേക്ക് കർണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് വന്നതോടെ കാസർക്കോട്ടുനിന്നുള്ള സർവീസുകൾ നിർത്തി. മംഗളൂരു, സുള്ള്യ, പുത്തൂർ, എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയത്. മംഗളൂരുവിൽ നിന്നും കാസർക്കോട്ടേക്കുള്ള ബസ്സുകളും അതിർത്തിയിൽ സർവീസ് അവസാനിപ്പിക്കും.
ആലപ്പുഴയിൽ നിന്നുള്ള കൊല്ലൂർ മൂകാംബിക സർവീസും റദ്ദാക്കിയിട്ടുണ്ട്. അതേസമയം കാസർക്കോട്ടു നിന്നും മംഗളൂരുവിലേക്കുള്ള 23 ബസ്സുകളും ഇന്ന്സർവീസ് നടത്തും, രാവിലെ 5.30 മുതൽ രാത്രി എട്ടുമണിവരെയാണ് സർവീസ്. മംഗളൂരുവിലേക്കുള്ള യാത്രക്കാരെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമേ കടത്തിവിടൂ
content highlights: covid caseskerala checking in border