തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവരെ സഹായിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിനായി റിവോൾവിങ് ഫണ്ട് പദ്ധതി തയ്യാറായതായി മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഈ മേഖലയിൽ തൊഴിൽ എടുക്കുന്നവർക്ക് പലിശരഹിത വായ്പ നൽകുന്നതാണ് പദ്ധതി. ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ, ശിക്കാരി – ഹൗസ് ബോട്ട് ജീവനക്കാർ, ഹോട്ടൽ – റസ്റ്റോറന്റ് ജീവനക്കാർ, റസ്റ്റോറെന്റുകൾ, ആയുർവ്വേദ സെന്ററുകൾ, ഗൃഹസ്ഥലി, ഹോം സ്റ്റേ, സർവ്വീസ്ഡ് വില്ല, അമ്യൂസ്മെന്റ് പാർക്ക്, ഗ്രീൻ പാർക്ക്, സാഹസിക ടൂറിസം സംരഭങ്ങളിൽ ജോലി ചെയ്യുന്നവർ, ഉത്തരവാദിത്ത ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ, കലാകാരന്മാർ, കരകൗശല വിദഗ്ധർ, ആയോധന കലാപ്രവർത്തകർ എന്നിവരുൾപ്പെടെ ഉള്ളവർക്കാണ് റിവോൾവിങ് ഫണ്ട് നടപ്പാക്കുന്നത്.
വിനോദ സഞ്ചാര വകുപ്പ് അംഗീകാരം/ അക്രെഡിറ്റേഷൻ നൽകി വരുന്ന ആയുർവേദ സെന്ററുകൾ, റസ്റ്റോറന്റുകൾ, ഹോം സ്റ്റേകൾ, സർവ്വീസ്ഡ് വില്ലകൾ, ഗൃഹസ്ഥലി, അമ്യൂസ്മെന്റ് പാർക്ക്, അഡ്വഞ്ചർ ടൂറിസം, ഗ്രീൻഫാം, ടൂർ ഓപ്പറേറ്റർ അക്രഡിറ്റേഷൻ എന്നിവ ഒരു ഉപാധിയും ഇല്ലാതെ 2021 ഡിസംബർ 31 വരെ പുതുക്കി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
content highlights:will implement revolving fund programme in tourism sector- minister mohemmad riyas