ബാംഗ്ലുരു> മലയാളം മിഷൻ കർണാടക ചാപ്റ്റർ 2021 ലെ പ്രവേശനോത്സവങ്ങളുടെ സമാപനം നടത്തി. ബാല സാഹിത്യത്തിന് കേന്ദ്ര സാഹിത്യ പുരസ്കാരം നേടിയ ഗ്രേസി മുഖ്യാതിഥിയായി. ബാലസാഹിത്യത്തെ ഗൗരവമായ എഴുത്തായി കാണണമെന്ന് ഗ്രേസി പറഞ്ഞു.
ജൂലൈ 31 ഓൺലൈനായി നടന്ന പ്രവേശനോത്സവം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ കൺവീനർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു സി നാരായണൻ അധ്യക്ഷയായി. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ കണിക്കൊന്ന ക്ലാസെടുത്തു. യുവ സാഹിത്യകാരൻ വിവേക് ചന്ദ്രൻ, മലയാളം മിഷൻ സെക്രട്ടറി ടോമി ആലുങ്കൽ, മേഖല കോഓർഡിനേറ്റർ ജോമോൻ സ്റ്റീഫൻ, ഹിത വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
പഠന കേന്ദ്രങ്ങളിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ബാംഗ്ളൂർ സൗത്ത് മേഖലയിലെ മലയാളം മിഷൻ പ്രവർത്തകരും അധ്യാപകരുമായ ജോബിൻ മാർക്കോസ്, ബിന്ദു മാടമ്പിള്ളി, ലത, ബീന പ്രിൻസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.