മയ്യിൽ (കണ്ണൂർ)
മനസ്സുനിറയെ പ്രിയ മകളെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു ഈ കുടുംബത്തിന്. പേരുപോലെ പ്രിയപ്പെട്ടവളായി വളർന്ന് ഡോക്ടറാകുന്നതും കാത്തിരുന്ന മാനസ ഇനി ഓർമകളിൽ മാത്രം. രണ്ടാഴ്ച മുമ്പ് നാറാത്ത് ടി സി ഗേറ്റിലെ ‘പാർവണം’ വീട്ടിൽനിന്ന് സന്തോഷത്തോടെ കോളേജിലേക്കുപോയ മകളുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടിയ ഉറ്റവരെ ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവരും വിതുമ്പി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിൽ ബിഡിഎസ് പൂർത്തീകരിച്ച് ഹൗസ് സർജൻസി ചെയ്യുകയായിരുന്ന മാനസയെ വെള്ളിയാഴ്ച വൈകിട്ടാണ് ധർമടം മേലൂരിലെ രഖിൽ പി രഘൂത്തമൻ വെടിവച്ചുകൊന്ന് ആത്മഹത്യ ചെയ്തത്.
ഞായറാഴ്ച പുലർച്ചെ കണ്ണൂർ എ കെ ജി ആശുപത്രിയിലെത്തിച്ച മൃതദേഹം രാവിലെ ഏഴരയോടെ വീട്ടിലെത്തിച്ചു. കോവിഡ് നിയന്ത്രണം പാലിച്ച് നാട്ടുകാരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. സഹപാഠികളും ഡെന്റൽ കോളേജ് അധികൃതരും മാനസയെ അവസാനമായി കാണാനെത്തിയിരുന്നു. മന്ത്രി എം വി ഗോവിന്ദൻ, കെ വി സുമേഷ് എംഎൽഎ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, മേയർ ടി ഒ മോഹനൻ, ഡിസിസി സെക്രട്ടറി ഒ നാരായണൻ, ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി, സംസ്ഥാന ജോ. സെക്രട്ടറി എം വി സരള, ജില്ലാ പ്രസിഡന്റ് കെ പി വി പ്രീത തുടങ്ങി നിരവധിപേർ വീട്ടിലെത്തി. പയ്യാമ്പലത്തായിരുന്നു സംസ്കാരം.
ആംബുലൻസിൽ ലോറിയിടിച്ചു;
രണ്ടുപേർക്ക് പരിക്ക്
മാനസയുടെ മൃതദേഹവുമായി കണ്ണൂരിലെത്തി മടങ്ങുകയായിരുന്ന ആംബുലൻസ് ദേശീയപാതയിൽ അപകടത്തിൽപ്പെട്ടു. പരിക്കേറ്റ ഡ്രൈവർമാരായ കോതമംഗലം പുന്നേക്കാട് സ്വദേശി എമിൽ മാത്യു (21), വെട്ടാമ്പാറ സ്വദേശി ബിട്ടു കുര്യൻ (25) എന്നിവരെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എമിൽ മാത്യുവിന്റെ പരിക്ക് ഗുരുതരമാണ്.
മാഹിപ്പാലത്തിന് സമീപം പരിമഠത്ത് ഞായറാഴ്ച പുലർച്ചെ 2.50നായിരുന്നു അപകടം. കോതമംഗലത്തേക്ക് പോവുകയായിരുന്ന ആംബുലൻസിൽ എതിരെ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇതുവഴിയെത്തിയ കാർ യാത്രക്കാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
രഖിലിന്റെ മൃതദേഹം
സംസ്കരിച്ചു
ഡെന്റൽ വിദ്യാർഥിനി മാനസയെ കൊലപ്പെടുത്തി ജീവനൊടുക്കിയ രഖിലിന്റെ മൃതദേഹം പിണറായി പന്തക്കപ്പാറ ‘പ്രശാന്തി’ശ്മശാനത്തിൽ സംസ്കരിച്ചു. തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ എട്ടോടെയാണ് മേലൂരിലെ ‘രാഹുൽ’ നിവാസിൽ എത്തിച്ചത്. മകന്റെ ചേതനയറ്റ ശരീരം കണ്ടതോടെ അമ്മ രജിതയുടെ നിലവിളി. അച്ഛനും സഹോദരനും അടുത്ത ബന്ധുക്കളും അന്ത്യോപചാരമർപ്പിച്ചശേഷം വീട്ടുമുറ്റത്ത് അരമണിക്കൂറോളം പൊതുദർശനം. മന്ത്രി എം വി ഗോവിന്ദൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി തുടങ്ങിയവർ വീട്ടിലെത്തി അനുശോചനമറിയിച്ചു.