കൊച്ചി
ലക്ഷദ്വീപിൽ മിനിക്കോയ്, കടമത്ത്, സുഹേലി ദ്വീപുകളിൽ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി വില്ലകൾ നിർമിക്കാൻ ഭരണനേതൃത്വം കരാർ ക്ഷണിച്ചു. നിതി അയോഗിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. മിനിക്കോയിൽ 319 കോടിയുടെ 150 വില്ലകളാണ് നിർമിക്കുക. ഇതിൽ 110 എണ്ണം ബീച്ച് വില്ലയും 40 എണ്ണം വാട്ടർ വില്ലയുമാണ്. സുഹേലിയിൽ 247 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുക. 60 ബീച്ച് വില്ലകളും 50 വാട്ടർ വില്ലകളുമടക്കം 110 വില്ലകളാണ് ഇവിടെ നിർമിക്കുക.
കടമത്ത് ദ്വീപിൽ 240 കോടിയുടെ 110 വില്ലകൾ നിർമിക്കും. ഇതിൽ 75 ബീച്ച് വില്ലകളും 35 വാട്ടർ വില്ലകളുമുണ്ടാകും. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വില്ലകൾ നിർമിക്കാനാണ് കരാർ. മൂന്നുവർഷംകൊണ്ട് നിർമാണം പൂർത്തീകരിക്കണമെന്നും കരാർ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിൽ പറയുന്നു. കരാർ കമ്പനിക്ക് കുറഞ്ഞത് 80 കോടിയുടെ സാമ്പത്തികശേഷി ഉണ്ടായിരിക്കണം. സ്വകാര്യ കമ്പനികൾക്കായിരിക്കും വില്ലകളുടെ നടത്തിപ്പ് ചുമതല. ഇത്തരം കെട്ടിടങ്ങൾ ദ്വീപിലെ മണ്ണിന് യോജിച്ചതാണോ എന്ന് പഠനങ്ങൾ നടത്തിയിട്ടില്ലെന്നും സ്വകാര്യ വ്യക്തികൾക്ക് ദ്വീപ് വിൽക്കുന്ന നടപടിയാണിതെന്നും ആക്ഷേപമുണ്ട്.