ന്യൂഡൽഹി
രാജ്യത്ത് കോവിഡ് വാക്സിനുകളുടെ രണ്ട് ഡോസ് ഇടകലർത്തിയുള്ള പരീക്ഷണം ഉടൻ തുടങ്ങും. കോവാക്സിൻ, കോവിഷീൽഡ് ഡോസുകൾ ഇടകലർത്തിയുള്ള പരീക്ഷണത്തിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) വിദഗ്ധസമിതി അനുമതി നൽകി.
ഒരു വാക്സിന്റെ ആദ്യ ഡോസ് എടുത്തവർക്ക് മറ്റൊന്നിന്റെ രണ്ടാം ഡോസ് നൽകിയാൽ പ്രതിരോധശേഷി കൂടുമോയെന്നാണ് പരിശോധിക്കുക. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ വിദഗ്ധസംഘം പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിക്കും. നിലവിൽ ആദ്യ ഡോസ് എടുത്തവർ അതേവാക്സിന്റെ രണ്ടാം ഡോസും എടുക്കണം.
അതേസമയം, ഭാരത് ബയോടെക്കിന്റെ കോവാക്സിനും ഇൻട്രാനാസൽ (മൂക്കിൽ കൂടി നൽകാവുന്ന) വാക്സിനും യോജിപ്പിച്ചുള്ള പരീക്ഷണങ്ങളും ഉടൻ തുടങ്ങും. തെരഞ്ഞെടുത്തവരിൽ ആദ്യഡോസായി കോവാക്സിനും രണ്ടാം ഡോസായി ഇൻട്രാനാസൽ വാക്സിനും പരീക്ഷിക്കാനാണ് നീക്കം. വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ഗവേഷകൻ മൈക്കിൾ ഡയമണ്ടും സഹപ്രവർത്തകരുമാണ് ഇൻട്രാനാസൽ വികസിപ്പിച്ചത്. കോവാക്സിൻ സിസ്റ്റമിക് ഇമ്യൂണിറ്റിയും ഇൻട്രാനാസൽ വാക്സിൻ മ്യൂക്കോസൽ ഇമ്യൂണിറ്റിയും പ്രദാനം ചെയ്യുന്നത് ശക്തമായ പ്രതിരോധം തീർക്കുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
ഇരുവാക്സിനും യോജിപ്പിച്ച് ഭാരത്ബയോടെക് തയ്യാറാക്കിയ പദ്ധതിക്ക് സിഡിഎസ്സിഒ വിദഗ്ധസമിതി അനുമതി നൽകി. ഇൻട്രാനാസൽ വാക്സിന്റെ ഫലസിദ്ധിയിൽ ഭാരത്ബയോടെക് നേരത്തെ രാജ്യത്ത് പരീക്ഷണങ്ങൾ തുടങ്ങി. നാല് മേഖലയിലെ ആശുപത്രികളിൽ 175 പേരിലാണ് ഇൻട്രാനാസൽ വാക്സിൻ പരീക്ഷിച്ചത്.