തിരുവനന്തപുരം
കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയോടെ കാണേണ്ടതില്ലെന്ന് മിഷിഗൺ സർവകലാശാലയിലെ (അമേരിക്ക) ബയോ സ്റ്റാറ്റിസ്റ്റിക്സ്–-സാംക്രമികരോഗശാസ്ത്ര–-ആഗോള പൊതുജനാരോഗ്യ വിഭാഗം പ്രൊഫസർ ഭ്രമർ മുഖർജി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെപ്പറ്റി വ്യത്യസ്തമായ രീതിയിൽ പഠനം നടത്തുകയാണ് ഭ്രമർ. രോഗികളെ കൃത്യമായി കണ്ടെത്തി വ്യാപനം നിയന്ത്രിക്കുകയാണ് കേരളം ചെയ്യുന്നത്. രോഗികളുടെ എണ്ണമല്ല, കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനത്തിന്റെ മികവിനെയാണ് സമഗ്രമായി കാണേണ്ടത്. കേരളം ഇപ്പോഴും രാജ്യത്തിന് മാതൃകയാണെന്നും അവർ വ്യക്തമാക്കി. ദ വയറിന് വേണ്ടി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭ്രമർ.
ഒന്നര ലക്ഷത്തോളം പ്രതിദിന പരിശോധനയാണ് കേരളത്തിൽ നടക്കുന്നത്. എന്നാൽ തന്റെ ജന്മനാടും കേരളത്തെക്കാൾ മൂന്നിരട്ടി ജനസംഖ്യയുമുള്ള ബംഗാളിൽ ഇത് 50,000ത്തോളം മാത്രമാണെന്നും അവർ പറഞ്ഞു. രോഗികളെ കണ്ടെത്തി ചികിത്സിക്കുന്നതുകൊണ്ടും വ്യാപനം നിയന്ത്രിക്കുന്നതിനാലുമാണ് ഐസിഎംആർ സിറൊ സർവേയിൽ കേരളത്തിൽ 44 ശതമാനം പേരിൽ മാത്രം ആന്റിബോഡി സാന്നിധ്യം കണ്ടെത്താനായത്. കൃത്യമായ പ്രതിരോധപ്രവർത്തനത്തിലൂടെ രോഗം വരാതെ നോക്കിയതാണ് ഇതിനുപിന്നിൽ.
ദേശീയ നിരക്കിനെ അപേക്ഷിച്ച് കേരളത്തിൽ മരണനിരക്ക് വളരെ കുറവാണ്. അര ശതമാനം മാത്രമാണിത്. കേരളത്തിൽ രണ്ടുപേരിൽ ഒരാളിൽ രോഗ നിർണയം നടക്കുമ്പോൾ രാജ്യത്ത് അത് 28ൽ ഒന്നുമാത്രമാണ്. ഇവയെല്ലാം സംസ്ഥാനത്തിന്റെ മികവിനെ സൂചിപ്പിക്കുന്നു. രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ ജനിതക ശ്രേണീകരണം നടത്തി വൈറസിന്റെ ജനിതക വ്യതിയാനം നേരത്തെ കണ്ടെത്താൻ ശ്രമിക്കണമെന്ന നിർദേശവും ഭ്രമർ മുഖർജി മുന്നോട്ടുവച്ചു.