വിനീഷ്
ചങ്ങരംകുളം: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ സുഹൃത്ത് വെടിവെച്ചു കൊലപ്പെടുത്തിയ കണ്ണൂർ സ്വദേശിനി മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു.
മലപ്പുരം ചങ്ങരംകുളം മനക്കൽകുന്ന് സ്വദേശി വിനീഷിനെയാണ് (33)വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. മാതാവും വിനീഷുംതനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. സംഭവസമയത്ത് വിനീഷ് വീട്ടിൽ തനിച്ചായിരുന്നു.
തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും മാനസയുടെ മരണം തന്നെ ഏറെ ദുഃഖിതനാക്കിയെന്നുമുള്ള വിനീഷിന്റെ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. അവിവാഹിതനായ വിനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ്പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.
പരേതനായ പടിഞ്ഞാറയിൽ കോരൻകുട്ടിയാണ് വിനീഷിന്റെ പിതാവ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം നേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:kothamangalam manasa death young man committed suicide