Tokyo Olympics Hockey:ഒളിംപിക്സ് ഹോക്കിയിൽ എട്ട് തവണ ചാമ്പ്യൻമാരായ ഇന്ത്യക്ക് 41 വർഷത്തെ ഇടവേളക്ക് ശേഷം സെമി ഫൈനൽ പ്രവേശനം. ഞായറാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ബ്രിട്ടണെ 1-3ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം സെമിയിലെത്തിയത്. ചൊവ്വാഴ്ച നടക്കുന്ന സെമിയിൽ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ. ക്വാർട്ടറിൽ സ്പെയിനിനെ 1-3ന് പരാജയപ്പെടുത്തിയാൻ് ബെൽജിയത്തിന്റെ സെമി പ്രവേശനം.
ഇന്ന് നടന്ന മറ്റ് രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഓസ്ട്രേലിയ നെതർലാൻഡ്സിനെയും ജെർമനി അർജന്റീനയെയും പരാജയപ്പെടുത്തി. 2-2ന് അവസാനിച്ച മത്സരത്തിൽ ടൈബ്രേക്കറിൽ 3-0നാണ് നെതർലാൻഡ്സിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. 1-3നാണ് ജർമനി അർജന്റീനയെ പരാജയപ്പെടുത്തിയത്.
ഒരു കാലത്ത് ഹോക്കിയിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒളിംപിക്സിലെ അവസാന പോരാട്ടങ്ങളിലേക്കെത്തുന്ന നാല് ടീമുകളിലൊന്നാവാൻ കഴിഞ്ഞിരിക്കുകയാണ്. 1980ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ഒളിംപിക്സ് ഹോക്കി സെമിയിലെത്തുന്നത്.
ഇന്ത്യൻ ഹോക്കിക്ക് ഒളിമ്പിക്സിൽ സമ്പന്നമായ ചരിത്രമുണ്ട്. അഭൂതപൂർവമായി എട്ട് സ്വർണ മെഡലുകൾ ഇന്ത്യൻ ഹോക്കിക്ക് ഒളിംപിക്സിൽ നേടാൻ കഴിഞ്ഞു. 1980ലെ മോസ്കോ ഗെയിംസ് വരെ ഇന്ത്യയുടെ മുന്നേറ്റം തുടർന്നു. എന്നാൽ അതിന് ശേഷം ഇന്ത്യൻ ഹോക്കി ഒരു പിന്നോട്ട് പോക്കിന് സക്ഷ്യം വഹിച്ചു.
1980ന് ശേഷം 1984 ലോസ് ആഞ്ചലസ് ഒളിംപിക്സിലാണ് താരതമ്യേന ഭേദപ്പെട്ട സ്ഥാനം ഇന്ത്യൻ ഹോക്കി ടീമിന് ലഭിച്ചത്. അന്ന് അഞ്ചാം സ്ഥാനമായിരുന്നു ഇന്ത്യൻ ഹോക്കി ടീമിന്.
2008 ബീജിംഗ് ഗെയിംസിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ഇന്ത്യൻ ഹോക്കി ടീം 2016 റിയോ ഒളിമ്പിക്സിൽ പോയിന്റ് നിലയിലെ ഏറ്റവും അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. ഹോക്കി എന്ന കായിക വിനോദത്തിൽ ഇന്ത്യ മോശം അവസ്ഥയിൽ നിന്ന് വളരെ മോശം അവസ്ഥയിലേക്ക് എത്തിയ സാഹചര്യമായിരുന്നു ആ രണ്ട് ഒളിംപിക്സിലും പ്രകടമായത്.
എന്നാൽ കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യയുടെ പ്രകടനത്തിൽ കാര്യമായ പുരോഗതി കൈവരിക്കാനായി. ഇത് ഇന്ത്യയെ ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചു.
മുൻ ഓസ്ട്രേലിയൻ താരം ഗ്രഹാം റീഡ് രണ്ട് വർഷം മുമ്പ് പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ ഇന്ത്യൻ കളിക്കാർക്കിടയിൽ ആത്മവിശ്വാസം കൊണ്ടുവരാൻ കഴിഞ്ഞു. ലോക ഹോക്കിക്ക് ആവശ്യമായ കഴിവുകൾ ഉണ്ടായിരുന്നിട്ടും സമ്മർദ്ദത്തിൽ പെടുന്നതിനാൽ മുൻപ് അവർക്ക് പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ 1-7 തോൽവി ഒഴിച്ച് നിർത്തിയാൽ ഇത്തവണത്തെ ഒളിംപിംക്സിൽ ഇന്ത്യൻ ടീം ഇതുവരെ മികച്ച പ്രകടനമാണ് തുടക്കം മുതൽ നടത്തിയത്. പൂൾ ഘട്ടത്തിൽ അഞ്ച് മത്സരങ്ങളിൽ നാല് വിജയങ്ങൾ നേടി. ഓസ്ട്രേലിയക്ക് പിറകിൽ പൂൾ എയിൽ രണ്ടാം സ്ഥാനം നേടിയാണ് ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചത്.
രണ്ട് വിജയവും രണ്ട് തോൽവിയും ഒരു സമനിലയുമായി പൂൾ ബിയിൽ മൂന്നാം സ്ഥാനക്കാരായാണ് ബ്രിട്ടൻ ക്വാർട്ടറിലെത്തിയത്.
The post Tokyo Olympics Hockey: ഹോക്കിയിൽ ചരിത്ര നേട്ടം; 41 വർഷത്തിനു ശേഷം ഇന്ത്യ സെമിയിൽ appeared first on Indian Express Malayalam.