തിരുവനന്തപുരം > ബാലസംഘം രക്ഷാധികാരി സമിതിയുടെ പ്രഥമ പ്രസിഡന്റ് പി വി കെ കടമ്പേരിയുടെ സ്മരണാര്ത്ഥം ബാലസംഘം സംസ്ഥാന കമ്മിറ്റിയും പി വി കെ കടമ്പേരി സ്മാരക ട്രസ്റ്റും ചേര്ന്ന് കുട്ടികളുടെ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്കിവരുന്ന പി വി കെ കടമ്പേരി അവാര്ഡിന് ‘മുളയുടെ തോഴി’ നെെന ഫെബിന് അര്ഹയായി. ആവാസവ്യവസ്ഥയില് പ്രധാനപ്പെട്ട മുളകളുടെ സംരക്ഷണത്തെ മുന്നിര്ത്തി പരിസ്ഥിതി രംഗത്തും കലാ,സാഹിത്യ,സാംസ്കാരിക മേഖലകളിലും നടത്തിയ ഇടപെടലുകളാണ് അവാര്ഡിനര്ഹയാക്കിയത്. പരിസ്ഥിതിയെ സംരക്ഷിക്കാനും ആവാസ വ്യവസ്ഥക്ക് കാവലാവാനും നന്നേ ചെറുപ്പത്തിൽ തന്നെ പ്രായോഗിക ഇടപെടലുകളുമായി മുന്നോട്ടുവന്ന നൈന ഫെബിൻ കേരളത്തിന്റെ പാരിസ്ഥിതിക അവബോധത്തിന്റെയും പുതുതലമുറയുടെയും മാതൃകയാണ് എന്ന് സെലക്ഷൻ കമ്മിറ്റി വിലയിരുത്തി.
പാലക്കാട് ജില്ലയിലെ പട്ടാമ്പി കൊപ്പം സ്വദേശിനിയായ പതിനാറ് വയസ്സുകാരി നെെന ഫെബിന് വീടുകള് തോറും കയറിയിറങ്ങി മുളംതെെകള് വിതരണം ചെയ്ത് മുളകളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കുന്നു. 1800 ഓളം മുളംതെെകള് കേരളത്തിലെ വിവിധ ഭാഗങ്ങളില് നെെന നട്ടുപിടിപ്പിച്ചു. മികച്ച ഗായികയും എഴുത്തുകാരിയും കൂടിയായ നെെന ‘ഒച്ച – The Bamboo Saints’ എന്ന പേരില് നടത്തിവരുന്ന മ്യൂസിക് ബാന്റില് നിന്നും ലഭിക്കുന്ന പ്രതിഫലം ഉപയോഗിച്ചാണ് പരിസ്ഥിതി പ്രവര്ത്തനങ്ങള്ക്കാവശ്യമായ തുക കണ്ടെത്തുന്നത്. സംസ്ഥാന വനം വകുപ്പിന്റെ 2019ലെ വനമിത്ര പുരസ്കാരത്തിന് അര്ഹയായ നെെന ഈ അവാര്ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്. പട്ടാമ്പി സ്വദേശികളായ സബിത,ഹനീഫ ദമ്പതികളുടെ മകളാണ് പ്ലസ് വണ് വിദ്യാര്ത്ഥിനിയായ നെെന. ചിത്രൻ കുഞ്ഞിമംഗലം രൂപകൽപന ചെയ്ത ഫലകവും 10001 രൂപയും അടങ്ങിയതാണ് പിവികെ കടമ്പേരി പുരസ്കാരം.
കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചുകൊണ്ട് ആഗസ്റ്റ് 3ന് കണ്ണൂര് ജില്ലയിലെ ബക്കളം എ.കെ.ജി മന്ദിരത്തില് വെച്ച് നടക്കുന്ന കടമ്പേരി അനുസ്മരണം സിപി ഐ എം പോളിറ്റ് ബ്യുറോ അംഗം ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.മുന് മന്ത്രി ഇ.പി.ജയരാജന് അവാര്ഡ് ദാനം നിര്വ്വഹിക്കും.
പരിപാടി ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ലെെവായി ലഭ്യമാവും.