റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവരങ്ങടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റില്‍ സുപ്രീം കോടതി ഉള്‍പ്പെടുത്തി.
നാല് വയസുള്ള മകനെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛൻ്റെ പേര് രേഖപ്പെടുത്താൻ വിവാഹം അനിവാര്യമാണെന്നാണ് പെൺകുട്ടി സുപ്രീം കോടതിയിൽ നൽകിയ ഹർജിയില്ല് വ്യക്തമാക്കുന്നത്. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ജാമ്യം നൽകുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നൽകുന്നതിന് തുല്യമാകും. ഈ സാഹചര്യത്തിൽ അഭിപ്രായം രേഖപ്പെടുത്താതെ അകന്ന് നിൽക്കുകയാണെന്നാണ് കോടതി പറഞ്ഞത്. ഇതോടെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
റോബിൻ വടക്കുംചേരി കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരിക്കെ 2016ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. മൂന്ന് വകുപ്പുകളിലായി 60 വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്സോ കടതി വിധിച്ചത്. എന്നാൽ, മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയെന്നും വിധിച്ചിരുന്നു. 2017 ഫെബ്രുവരിയില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.