കോതമംഗലം: പഠിക്കാൻ മിടുക്കിയായിരുന്ന അവൾ ഞങ്ങളുടെ എല്ലാമായിരുന്നു… ഞങ്ങളുടെ സ്വപ്നവും പ്രതീക്ഷയും… -മാനസയുടെ വല്യച്ഛൻ വിജയൻ വികാരനിർഭരമായാണ് ഇതു പറഞ്ഞത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രി വളപ്പിലെ പാർക്കിങ് ഏരിയയിൽ കാറിലിരുന്നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നാലു വർഷവും മികച്ചരീതിയിൽ മാനസ കോഴ്സ് പൂർത്തിയാക്കി. ഒന്നര മാസത്തെ ഹൗസ് സർജൻസി കൂടി പൂർത്തിയായാൽ അവൾ ഡോക്ടറായി. അതിന്റെയൊരു ആഹ്ലാദനിമിഷം അടുത്തുവരുത്തുന്നതും കാത്തിരിക്കുകയായിരിന്നു കുടുംബാംഗങ്ങളെല്ലാം.
മാനസയുടെ അച്ഛൻ ഉൾപ്പെടെ ഞങ്ങൾ നാല് സഹോദരങ്ങളും ഒരേ പറമ്പിൽ തന്നെയാണ് വീടുവച്ച് താമസിക്കുന്നത്. വീട്ടിലെത്തിയാൽ അവൾ എന്റെ അടുത്ത് ഓടിയെത്തും… വല്യച്ഛനോട് കൂടുതൽ അടുപ്പമായിരുന്നുവെന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്… അവൾക്ക് ഞങ്ങൾ എല്ലാവരുമായും നല്ല അടുപ്പമായിരുന്നു എന്നും വിജയൻ പറഞ്ഞു. നെല്ലിക്കുഴിയിലെ കോളേജ് പരിസരത്തോ താമസസ്ഥലത്തോ എത്തി രാഖിൻ ശല്യപ്പെടുത്തിയതായി മാനസ പറഞ്ഞിരുന്നില്ല.
കണ്ണൂരിൽ വീടിന്റെ സമീപം വെച്ച് പലകുറി ശല്യം ചെയ്തിരുന്നതായി അവൾ അച്ഛനമ്മമാരോട് പറഞ്ഞിരുന്നു. അക്കാര്യം പോലീസിലും അറിയിച്ചിരുന്നു. മാനസയുടെ വീടും രാഖിന്റെ വീടും തമ്മിൽ ഏകദേശം 30 കിലോമീറ്റർ അകലമുണ്ട്. ശനിയാഴ്ച പുലർച്ചയ്ക്കാണ് വിജയനും മാനസയുടെ അമ്മാവനും അടക്കമുള്ള ബന്ധുക്കൾ കോതമംഗലത്തെത്തിയത്. അച്ഛനമ്മമാർ എത്തിയില്ല. സംഭവത്തിന്റെ ആഘാതത്തിൽനിന്ന് അവർ മുക്തരായിട്ടില്ല.
മാനസയ്ക്കുനേരേ രാഖിൽ ഉതിർത്തത് മൂന്നുവെടി
കൊച്ചി: കോതമംഗലത്ത് യുവതിയെ വെടിവെച്ചുകൊന്ന് യുവാവ് സ്വയം വെടിവെച്ചുമരിച്ച സംഭവത്തിൽ വെടിവെപ്പ് നടന്ന മുറിക്കകത്ത് ചുമരിൽ തറച്ചനിലയിൽ ഒരു വെടിയുണ്ട ഫൊറൻസിക് സംഘം കണ്ടെത്തി. ഇതോടെ, മാനസയ്ക്കുനേരേ പ്രതി രാഖിൽ വെടിയുതിർത്തത് മൂന്നുതവണയെന്നു വ്യക്തമായി.
രണ്ടുവെടിയുണ്ടകൾ മാനസയുടെ ശരീരത്തിൽ പതിച്ചിരുന്നു. ഒന്ന് ഉന്നംതെറ്റി പതിച്ചതാകാമെന്നുകരുതുന്നു. ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ രാഖിലിന്റെ പോക്കറ്റിൽനിന്ന് അഞ്ചു വെടിയുണ്ടകൾകൂടി കണ്ടെടുത്തു.
13 ബുള്ളറ്റ് ലോഡ് ചെയ്യാവുന്ന തോക്കായിരുന്നു ഇത്. 7.62 എം.എം. പിസ്റ്റളാണ് ഇതിനുപയോഗിച്ചത്. ഒരു ബുള്ളറ്റ് സ്വയം ജീവനൊടുക്കാനും ഉപയോഗിച്ചു. തൊട്ടടുത്തുനിന്നാണ് രാഖിൽ നിറയൊഴിച്ചതെന്നും വ്യക്തമായി. തോക്കിൽ ഏഴ് ഉണ്ടകൾ നിറച്ചിരുന്നു. മൂന്നെണ്ണം തോക്കിൽ അവശേഷിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിതന്നെ പോലീസ് തോക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വിദഗ്ധപരിശോധനയ്ക്ക് ബെംഗളൂരുവിലേക്ക് അയക്കും.
അന്വേഷണത്തിന് പ്രത്യേകസംഘം
കൂടുതൽ അന്വേഷണത്തിന് റൂറൽ എസ്.പി. കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കോതമംഗലം എസ്.ഐ. മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പുലർച്ചയോടെ കണ്ണൂരിലെത്തി. മേലൂരിലെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. സംഭവത്തിനു ദൃക്സാക്ഷികളായ സഹപാഠികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. മാനസയുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരുകയാണ്.
കണ്ണൂരിലെത്തിയ സംഘം കളക്ടറേറ്റിൽനിന്ന് തോക്കിന്റെ ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. മാനസയുമായുള്ള പ്രണയബന്ധം തകർന്നതിലുള്ള മനോവിഷമമാണ് രാഖിലിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന ആദ്യ മൊഴികൾ.
കൊലപാതകത്തിനുമുന്പ് രാഖിൽ എട്ടുദിവസത്തോളം കേരളത്തിനുപുറത്ത് തങ്ങിയതായി വിവരമുണ്ട്. ഇതിനാൽ തോക്ക് തേടിയുള്ള അന്വേഷണം സംസ്ഥാനത്തിനുപുറത്തേക്കും വ്യാപിപ്പിക്കും. രാഖിലിന്റെ സമീപകാല യാത്രകളും ഫോൺരേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരുന്നു. ഒരുമാസത്തോളമായി രാഖിൽ നെല്ലിക്കുഴിയിലാണ് തങ്ങിയിരുന്നത്. കൊലപാതകവുമായി നേരിട്ടുബന്ധമുള്ള മറ്റാരുമില്ലെന്നാണ് ഇതുവരെ പോലീസിനു ലഭിക്കുന്ന വിവരം.
രാഖിൽ കാർ ഈയിടെ വിറ്റു
തലശ്ശേരി: രാഖിൽ തോക്ക് വാങ്ങിയത് കാർ വിറ്റ പണംകൊണ്ടെന്ന് സംശയം. പുതുതായി വാങ്ങിയ കാർ വിറ്റതായി ചിലരോട് പറഞ്ഞിരുന്നു. കഴിഞ്ഞതവണ രാഖിൽ വീട്ടിൽ വന്നപ്പോൾ അധികം സംസാരിച്ചിരുന്നില്ല. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നതിനാൽ വീട്ടുകാരും കൂടുതലൊന്നും അന്വേഷിച്ചിരുന്നില്ല.
ചെറിയ സൂചനപോലും അവനിൽനിന്നുണ്ടായില്ല
കണ്ണൂർ: കോതമംഗലത്തേക്കുപോകുമ്പോൾ തീവണ്ടിയിൽവെച്ച് വ്യാഴാഴ്ചയാണ് അവൻ അവസാനമായി എന്നെ വിളിക്കുന്നത്. അവന്റെ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ഞാൻ. പക്ഷേ, ചെറിയ സൂചനപോലും അവനിൽനിന്നുണ്ടായില്ല- കോതമംഗലത്ത് വിദ്യാർഥിനിയെ കൊന്ന് സ്വയം വെടിവെച്ചുമരിച്ച രാഖിലിന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ ആദിത്യൻ പറയുന്നു. ഇന്റീരിയർ വർക്കിൽ രാഖിലിന്റെ പങ്കാളികൂടിയാണ് ആദിത്യൻ.
പെൺകുട്ടിയോട് അവന് കടുത്ത ഇഷ്ടമായിരുന്നു. പക്ഷേ, അവസാനം അവൾ അകന്നതായി അവന് തോന്നിയിരുന്നു. ഇക്കാര്യമൊക്കെ തന്നോട് പറഞ്ഞിട്ടുണ്ട്.
അവസാനം പറഞ്ഞത്, എനിക്ക് ഒരിക്കൽക്കൂടി അവളോട് സംസാരിക്കണം. അവൾ എതിർത്തുപറയുകയാണെങ്കിൽ പിന്നെ ഞാൻ പിന്തിരിയും എന്നാണ്. ബുധനാഴ്ച കണ്ണൂർ ടൗണിൽവെച്ച് രാഖിൽ കുറെനേരം സംസാരിച്ചു. അന്നുവൈകീട്ട് എറണാകുളത്തുപോകാൻ തീരുമാനിച്ചതാണ്. പിന്നെ യാത്ര വേണ്ടെന്നുവെച്ചു. ഞങ്ങൾ മടങ്ങി. പിറ്റേന്ന് അവൻ എറണാകുളത്തേക്ക് വണ്ടികയറി. ട്രെയിനിൽനിന്നാണ് എന്നെ വിളിക്കുന്നത്. എനിക്ക് അവളോടൊന്ന് സംസാരിക്കണം. എന്തിനാണ് എന്നെ ഒഴിവാക്കിയതെന്ന് ചോദിക്കണം. ശേഷം മടങ്ങിവരാം എന്നും പറഞ്ഞിരുന്നു. അവന് തോക്ക് എവിടെനിന്ന് കിട്ടിയെന്ന് അറിയില്ലെന്ന് ആദിത്യൻ പറഞ്ഞു.
എല്ലാം രാഖിൽ തീരുമാനിച്ച്ഉറപ്പിച്ചിരുന്നു
കൊച്ചി: മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ രാഖിൽ നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് സഹോദരന് അയച്ച സന്ദേശം. വീട്ടിലെ കാര്യങ്ങളെല്ലാം നീ നന്നായി നോക്കണം എന്നായിരുന്നു രാഖിൽ സഹോദരനായ രാഹുലിന് അയച്ച സന്ദേശം.
ഒരാഴ്ച മുമ്പാണ് മൊബൈലിൽ സന്ദേശം അയച്ചത്. എന്നാൽ അത് ഇങ്ങനെ ആയിത്തീരുമെന്ന് രാഹുൽ കരുതിയില്ല.
പിന്നീട് രാഹുൽ കാണുന്നത് കോതമംഗലം മാർ ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ സഹോദരന്റെ ചേതനയറ്റ ശരീരമാണ്. സന്ദേശം ലഭിച്ചതോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ സാധിച്ചിരുന്നില്ല. മാനസയുടെ വീട്ടുകാർ പോലീസിൽ പരാതി കൊടുത്തതോടെ ഇതുമായി ബന്ധപ്പെട്ട പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു.
അവിടെ വെച്ച്, മാനസയുടെ പിറകെ നടക്കരുതെന്ന് പോലീസ് താക്കീത് നൽകിയിരുന്നു. ഇതോടെ രാഖിൽ വീടിന് പുറത്തിറങ്ങാതെ മുറി അടച്ചിരിക്കുന്ന രീതിയിലേക്ക് മാറി. ബാഗെടുത്ത് ഒരു ദിവസം വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. എവിടേക്കാണ് പോയതെന്ന് രാഹുലിനും വീട്ടുകാർക്കും അറിയില്ലായിരുന്നു. ഫോണിലൂടെ ബന്ധപ്പെടാനുള്ള ശ്രമങ്ങളും വിജയിച്ചില്ലെന്ന് വീട്ടുകാർ പറയുന്നു.
content highlights:manasa murder case: relatives responds