കൊച്ചി > ഡെന്റൽ വിദ്യാർഥിനി മാനസയെ കൊലപ്പെടുത്താൻ രഖിൽ തോക്ക് വാങ്ങിയത് ബിഹാറിലെ ആയുധവ്യാപാരികളിൽനിന്നെന്ന് സൂചന. 12ന് സുഹൃത്തിനൊപ്പം എറണാകുളത്തുനിന്ന് ബിഹാറിലേക്ക് പോയതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. തോക്കിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഇതോടെ കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. ബിഹാറിൽ തോക്ക് കിട്ടുമെന്ന് ഇന്റർനെറ്റിലൂടെ മനസ്സിലാക്കിയതാകുമെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നാലിടത്തായി എട്ടു ദിവസം തങ്ങി. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാൻ പോയെന്നാണ് നാട്ടിലറിയിച്ചത്. തോക്ക് ഉപയോഗിക്കാൻ കേരളത്തിന് പുറത്തുനിന്ന് പരിശീലനം തേടിയിട്ടുണ്ടാകാമെന്നും സൂചനയുണ്ട്.
ബിഹാറിൽ ആയുധവ്യാപാര ഗുണ്ടാസംഘങ്ങൾ ഇതിന് സൗകര്യമൊരുക്കാറുണ്ട്. മാനസയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു യാത്ര. കൊല നടത്താൻ ഉപയോഗിച്ചത് പഴയ തോക്കാണ്. 7.62 എംഎം പിസ്റ്റളിൽനിന്ന് ഏഴ് റൗണ്ട് നിറയൊഴിക്കാം.
മാനസയ്ക്കുനേരെ രണ്ടുതവണയാണ് വെടിയുതിർത്തത്. ചെവിക്കു പിന്നിലും നെഞ്ചിലും വെടിയേറ്റു. പിന്നാലെ നെറ്റിയിൽ വെടിവച്ച് രഖിൽ ആത്മഹത്യ ചെയ്തു. രഖിലിന്റെ മൊബൈൽ ഫോൺ വിവരം പൊലീസ് പരിശോധിച്ചുവരികയാണ്. കണ്ണൂരിലെത്തിയ അന്വേഷണസംഘം വീട്ടുകാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും മൊഴിയെടുത്തു.
എറണാകുളം റൂറൽ എസ്പി കെ കാർത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തോക്ക് പരിശോധിച്ചു. ആലുവയിൽനിന്നുള്ള വിരലടയാളവിദഗ്ധരും ഫോറൻസിക് സംഘവും തെളിവെടുത്തു.