തിരുവനന്തുരം > കോവിഡ് കാലത്തുണ്ടായ വരുമാനത്തിലെ ഇടിവും ചെലവുകളിലെ വൻവർധനയും സംസ്ഥാനത്ത് സൃഷ്ടിക്കുന്നത് കടുത്ത സാമ്പത്തികപ്രതിസന്ധി. വരവും ചെലവും കൂട്ടിമുട്ടിക്കാനാകാത്തവിധമാണ് സാമ്പത്തികനില. ഏപ്രിൽമുതൽ ജൂലൈവരെ സാമ്പത്തികവർഷം ആദ്യപാദത്തിൽ റവന്യൂ വരുമാനം 19,229 കോടി രൂപയാണെങ്കിൽ ചെലവ് 42,126 കോടിയാണ്. വ്യത്യാസം 22,897 കോടി രൂപ.
തനതു നികുതി, നികുതിയേതര വരുമാനം ആദ്യപാദത്തിൽ 9142 കോടിയാണ്. 2019–-20ൽ 11,825 കോടിയായിരുന്നു. കഴിഞ്ഞവർഷം സമ്പൂർണ അടച്ചുപൂട്ടലിൽ 4929 കോടിയും. ചരക്കുസേവന, വിൽപ്പന, മോട്ടോർ നികുതികളെല്ലാം ഇടിഞ്ഞു. നികുതിയേതര വരുമാനം 2019–-20ൽ 1781 കോടിയുണ്ടായിരുന്നത് 616 കോടിയായി. ആരോഗ്യമേഖലയിലെയടക്കം കോവിഡ് ആശ്വാസനടപടികളാണ് ചെലവ് മൂന്നിരട്ടിയിലധികം ഉയർത്തിയത്. ഏതു പ്രതിസന്ധിയിലും മറ്റെങ്ങുമില്ലാത്ത ആശ്വാസ പാക്കേജുകളാണ് കേരളം നടപ്പാക്കുന്നത്.
പ്രതീക്ഷിത വരുമാനം കുറയുന്നു
അപ്രതീക്ഷിത കാരണങ്ങളാൽ വരുമാനത്തിൽ 71,498 കോടി രൂപയുടെ കുറവാണ്. കടമെടുത്തും അനാവശ്യ ചെലവു ചുരുക്കിയും ബജറ്റിനുപുറത്ത് വികസനച്ചെലവ് കണ്ടെത്തിയുമാണ് പിടിച്ചുനിന്നത്. ഇപ്പോൾ വലിയതോതിൽ കടമെടുത്താണ് പ്രതിസന്ധി തട്ടിനീക്കുന്നത്. 10,000 കോടിയാണ് കടമെടുത്തത്. നടപ്പുവർഷം ബജറ്റിലെ റവന്യൂകമ്മി 16,910 കോടിയാണ്. ശമ്പളപരിഷ്കരണത്തിന്റെ അധിക ബാധ്യത 4810 കോടിയും.
കേന്ദ്ര വിലങ്ങിൽ കടമെടുക്കലും
കേന്ദ്ര നിബന്ധനകൾ കടമെടുക്കലും അസാധ്യമാക്കുന്നു. മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദന (ജിഎസ്ഡിപി) ത്തിന്റെ 4.5 ശതമാനമാണ് ഈവർഷത്തെ അനുവാദം; 36,800 കോടി രൂപ. 3.5 ശതമാനമാണ് ഉപാധി രഹിതം. ബാക്കിക്ക് അര ശതമാനത്തിനുവീതം ഉപാധികളുണ്ട്. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളും വലിയ മൂലധനച്ചെലവുമാണ് ഉപാധി. അഞ്ചു ശതമാനം ഉപാധിരഹിത വായ്പാനുവാദം എന്ന കേരളത്തിന്റെ ആവശ്യത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രിയും മൗനത്തിലാണ്.
ഓണത്തിനുവേണം 5600 കോടി
ഓണക്കാലത്ത് അവശ്യ ചെലവുകൾക്ക് 5600 കോടി രൂപയെങ്കിലും വേണം. 1700 കോടി പെൻഷൻ വിതരണത്തിനുവേണം. ഓണക്കിറ്റിന് 526 കോടിയും. വിവിധ വിഭാഗങ്ങൾക്ക് ബോണസ്, ഉത്സവബത്ത, ഓണം മുൻകൂർ തുടങ്ങിയവ നൽകണം. അസംഘടിത, തൊഴിലുറപ്പ് തൊഴിലാളികൾമുതൽ എൻഡോസൾഫാൻ ദുരിതബാധിതർക്കുവരെ ഓണത്തിന്റെ ഭാഗമായ സഹായങ്ങൾ എത്തേണ്ടതുണ്ട്.