കൊൽക്കത്ത > മന്ത്രിസഭാ പുനഃസംഘടനയിൽനിന്ന് തഴഞ്ഞതിനു പിന്നാലെ മുൻ കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ ബിജെപി ബന്ധം ഉപേക്ഷിച്ചു. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് പാർടി വിടുന്നതായി പ്രഖ്യാപിച്ചത്. 2014 ലും 2019ലും അസൻസോളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ബാബുൾ സുപ്രിയോ ലോക്സഭാ അംഗത്വവും രാജിവയ്ക്കും. ഏഴു വർഷമായി നരേന്ദ്രമോഡി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു.
ഇതിനു പിന്നാലെ ബിജെപിയുടെ പാർടി പരിപാടികളിൽനിന്ന് അകലം പാലിക്കുകയായിരുന്നു. ബിജെപിയിൽനിന്ന് രാജിവയ്ക്കുകയാണെങ്കിലും പൊതുപ്രവർത്തനം അവസാനിപ്പിക്കില്ലെന്നും അതിന് രാഷ്ട്രീയം തടസ്സമല്ലെന്നും ബാബുൾ കുറിച്ചു. രാജി തീരുമാനത്തിനു പിന്നിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് ബന്ധമുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പാർടി സംസ്ഥാന നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല എന്നും അദ്ദേഹം തുറന്നടിച്ചു.
ബിജെപി ബംഗാൾ പ്രസിഡന്റ് ദിലീപ് ഘോഷുമായി അഭിപ്രായഭിന്നതയിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കൊൽക്കത്ത ടോളിഗഞ്ചിൽനിന്ന് ജനവിധി തേടിയെങ്കിലും തോറ്റു.