തിരുവനന്തപുരം: കുതിരാൻ തുരങ്കങ്ങളിൽ ആദ്യത്തേത് തുറക്കുന്നത് സംസ്ഥാന സർക്കാറിനെ അറിയിക്കാത്ത വിഷയത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തുരങ്കം ഇന്ന് തുറക്കുന്നതായികേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വിറ്റ് ചെയ്തത് സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
തുരങ്കം ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നവെന്നതാണ് പ്രധാനം. ഇതിൽ ക്രെഡിറ്റ് എടുക്കാൻ ആഗ്രഹിക്കുന്നില്ല. എൽഡിഎഫ് സർക്കാരിനെ സംബന്ധിച്ച് വീണ്ടും അധികാരത്തിലെത്തിയപ്പോൾ തന്നെ തുരങ്കം തുറക്കുന്നതിന് വേണ്ടി നിരന്തരം പ്രവർത്തിച്ചിരുന്നു.
നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പിലാക്കുന്നത്. പല കാരണങ്ങൾ കൊണ്ട് പദ്ധതി വൈകിയിരുന്നു. ജനങ്ങൾക്ക് സഹായകമാകുന്ന കാര്യത്തിൽ തുരങ്കം വേഗം തുറക്കാൻ വേണ്ട നടപടികളാണ് സർക്കാർ ചെയ്തിട്ടുള്ളത്. അത് ക്രെഡിറ്റ് കിട്ടാനോ അല്ലെങ്കിൽ ട്രോഫി നേടാനോ ആയിരുന്നില്ലെന്നും റിയാസ് പറഞ്ഞു. താൻ നേരിട്ട് മൂന്ന് തവണ കുതിരാനിൽ പോയെന്നും ദിവസവും അവിടെ നിന്ന് റിപ്പോർട്ട് തേടിയെന്നും മന്ത്രി പറഞ്ഞു.
എൻഎച്ച്എഐ പ്രവർത്തനങ്ങൾ വൈകുമ്പോൾ നോക്കി നിൽക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ട്രാഫിക് പ്രശ്നങ്ങളും അപകടവും ഒക്കെയായി ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് തുരങ്കം തുറക്കാൻ വൈകുന്നത് കാരണം ഉണ്ടായത്. ഇത് പരിഹരിക്കാൻ വേണ്ടിയുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളത്. ഔദ്യോഗികമായി അറിയിപ്പ് കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.
തുരങ്കം തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന മന്ത്രി അല്ല അഭിപ്രായം പറയേണ്ടത് എന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പ്രസ്താവനയെ റിയാസ് പരിഹസിച്ചു. ഒരു മന്ത്രിക്ക് വേണമെങ്കിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യാം, അല്ലെങ്കിൽ വെറുതെ പ്രസ്താവനയൊക്കെ നടത്തി വിവാദമുണ്ടാക്കാം. ഇതിൽ രണ്ടാമത് പറഞ്ഞ കാര്യത്തിൽ തനിക്ക് താത്പര്യമില്ലെന്നും റിയാസ് പറഞ്ഞു.
സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് രണ്ടാമത്തെ തുരങ്കം കൂടി തുറക്കാനുള്ള പ്രവർത്തനങ്ങൾക്ക് എൻഎച്ച്എഐയെ സഹായിക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുന്നതിനാണ് മുൻഗണനയെന്നും റിയാസ് പറഞ്ഞു.
Content Highlights:PA Muhammed Riyas on Kuthiran Tunnel Opening