തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാർക്ക് ഓണക്കാലത്ത് നൽകിവരുന്ന ബോണസും ഉത്സവബത്തയും ഇത്തവണ നൽകാനാകില്ലെന്ന സൂചനയാണ് ധനമന്ത്രി നൽകുന്നത്.
ഓണം മാസാവസാനമെത്തിയാൽ ആ മാസത്തെ ശമ്പളവും ഓണത്തിന് മുമ്പ് സർക്കാർ ജീവനക്കാർക്ക് നൽകുന്ന പതിവ് കാലങ്ങളായി നിലവിലുണ്ട്. ഇതനുസരിച്ച് ഈ മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് ജീവനക്കാർക്ക് ലഭിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വിപണിയിലേക്ക് കൂടുതൽ പണമെത്തുകയും സാമ്പത്തിക പ്രവർത്തനങ്ങൾ ത്വരിതപ്പെടുകയും ചെയ്യും. എന്നാൽ ഇത്തവണ തിരുവോണം ഓഗസ്റ്റ് 21നാണെങ്കിലും ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബർ ആദ്യമേ കിട്ടൂവെന്നാണ് മന്ത്രി പറയുന്നത്.
സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയേപ്പറ്റിയും അതിന്റെ ഗൗരവത്തേപ്പറ്റിയും എല്ലാവരും മനസിലാക്കണം. കോവിഡ് കാലത്ത് സംരക്ഷിക്കപ്പെട്ട വിഭാഗമാണ് സർക്കാർ ജീവനക്കാരെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിനാൽ സാഹചര്യംഎല്ലാവരും മനസിലാക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.
കഴിഞ്ഞതവണ ഓണം അഡ്വാൻസായി 15,000 രൂപവരെ നൽകിയിരുന്നു. അതുമാത്രമല്ല കഴിഞ്ഞതവണ രണ്ടുമാസത്തെ ശമ്പളവും ബോണസും ഉത്സവ ബത്തയുമൊകക്കെയായി 6000 കോടിയോളമാണ് സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രം വിനിയോഗിച്ചത്. ഇത്തവണ അത്രയും വലിയൊരു ഭാരം ഏറ്റെടുക്കാൻ സർക്കാരിന് സാധിക്കില്ലെന്നാണ് വിലയിരുത്തൽ.
ബോണസും ഉത്സവ ബത്തയും പൂർണമായും ഒഴിവാക്കാൻ ആലോചിക്കുന്നില്ല. ഓഗസ്റ്റിലെ ശമ്പളം നേരത്തെ നൽകാതെ ബോണസും ഉത്സവബത്തയും നൽകിയാൽ മതിയാകുമെന്നാണ് ധനവകുപ്പ് ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിലെല്ലാം അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.
content highlights:financial crisis, government employees may not get onam bonus and festival allowance