തൃശൂര്> നിയമസഭാ തെരഞ്ഞെുടപ്പില് കേരളത്തിലേക്ക് ബിജെപി ഇറക്കിയ കുഴല്പ്പണം സേലത്ത് കവര്ച്ച നടത്തിയ സംഭവത്തില് തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടകര കുഴല്പ്പണ കവര്ച്ചാക്കേസ് അന്വേഷിക്കുന്ന സംഘത്തില് നിന്ന് തമിഴ്നാട് പൊലീസ് വിവരങ്ങള് ശേഖരിച്ചു.
കൊങ്കണാപുരം പൊലീസാണ് തൃശൂരിലെത്തി എഫ്ഐആറും മറ്റു ഈ വിവരങ്ങളും ശേഖരിച്ചത്.
പാലക്കാട്ടേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കൊണ്ടുവന്ന 4.4 കോടിയാണ് സേലത്ത് കവര്ന്നത്. മാര്ച്ച് ആറിന് ബംഗളൂരുവില് നിന്ന് സേലം വഴി പണം എത്തിക്കുമ്പോള് കൊങ്കണാപുരത്തായിരുന്നു കവര്ച്ച.
കൊടകര വഴി കുഴല്പ്പണം കടത്തിയ ധര്മരാജന്റെ സഹോദരന് ധനരാജന്റെ നേതൃത്വത്തില് മാര്ച്ച് ആറിന് കൊണ്ടുവന്ന പണമാണ് കവര്ച്ച ചെയ്തത്. കൊടകര മോഡലില് വാഹനം തടഞ്ഞ് പണം തട്ടി കാര് ഉപേക്ഷിക്കുകയായിരുന്നു. വാഹനം പിന്നീട് പൊലീസ് കണ്ടെത്തി.
ഉടമയ്ക്ക് നോട്ടീസ് അയച്ചുവെങ്കിലും മറുപടിയുണ്ടായില്ല. പൊലീസില് ആരും പരാതി നല്കാതിരുന്നതോടെ തുടര്ച്ചയുണ്ടായില്ല. അന്ന് ഉപേക്ഷിച്ച കാര് കൊങ്കണാപുരം പൊലീസ് സ്റ്റേഷനടുത്ത് റോഡില് ഇപ്പോഴുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാല് കൊടകര കേസ് കുറ്റപത്രത്തില് ഇക്കാര്യം രേഖപ്പെടുത്തിയതോടെയാണ് തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചത്.