മാധ്യമങ്ങള്‍ കാലങ്ങളായി തുടരുന്ന ‘സ്ത്രീവിരുദ്ധ’ പദപ്രയോഗങ്ങള്‍ക്ക് എതിരെ സ്ത്രീകളുടെ ഒരു കൂട്ടായ്‍മ കേരള മുഖ്യമന്ത്രിക്ക്
കഴിഞ്ഞയാഴ്ച്ചയാണ്.
പത്രവാര്‍ത്തകളിലെ ഭാഷാശൈലിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടത് ‘മലയാളപ്പെണ്‍കൂട്ടം’ എന്ന കൂട്ടായ്‍മയാണ്.
“മാധ്യമഭാഷയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും പദപ്രയോഗങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യപ്പെട്ടത്,” — നിവേദനം നല്‍കിയ കൂട്ടായ്‍മയിലെ അംഗം, സുല്‍ഫത്ത് എം സുലു പറയുന്നു.
നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിവേദനം നല്‍കിയതെന്നാണ് സുല്‍ഫത്ത് പറയുന്നത്.
“മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു പരിധിയുണ്ട്. ഒരുപക്ഷേ, പത്രങ്ങളുടെ ഭാഷാശൈലി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യേണ്ടി വന്നാല്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നോ എന്ന ചോദ്യം ഉയരാം. അതിനാലാണ് ആദ്യം നിവേദനം നല്‍കിയത്. അദ്ദേഹത്തിന് മാത്രമല്ല, നിവേദനത്തിന്‍റെ പകര്‍പ്പ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി, സാംസ്‌കാരിക വകുപ്പ് മന്ത്രി, ഗവര്‍ണര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കും അയച്ചിട്ടുണ്ട്” — മലയാളപ്പെൺകൂട്ടം പ്രവര്‍ത്തക പറയുന്നു.
മാധ്യമങ്ങള്‍ സ്വമേധയാ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ചില മാധ്യമങ്ങള്‍ക്ക് നിവേദനം മെയില്‍ ചെയ്തിട്ടുണ്ട്. എല്ലാ മലയാള പത്രങ്ങള്‍ക്കും ദേശീയ മാധ്യമങ്ങള്‍ക്കും അടുത്ത ദിവങ്ങളിലായി തപാല്‍ വഴി നിവേദനം അയക്കുമെന്നും സംഘടന പറയുന്നു.
മാറാത്ത ഭാഷ: മാധ്യമങ്ങള്‍, പോലീസ്, നേതാക്കള്‍
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സൂചിപ്പിക്കാന്‍ ‘മാനഭംഗം’ എന്ന പദം ഉപയോഗിക്കുന്നു.
സ്ത്രീകളുടെ വിജയം വാര്‍ത്തയാക്കുമ്പോള്‍ (ഉദാ: Ph.D നേടിയ റാങ്ക് നേടിയ) ഇന്നയാളുടെ ഭാര്യ/മകള്‍ എന്നെഴുതിയ ശേഷം മാത്രം അവളുടെ പേര് പരാമര്‍ശിക്കുന്ന രീതി. സ്ത്രീകള്‍ ആര്‍ക്കെങ്കിലുമൊപ്പം വീടുവിട്ടു പോയാല്‍ മാത്രം സ്ഥിരമായി ഉപയോഗിക്കപ്പെടാറുള്ള ‘ഒളിച്ചോടി’ എന്ന പ്രയോഗം. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മരണസംഖ്യ സൂചിപ്പിക്കാന്‍ സ്ത്രീകള്‍ അടക്കം ഇത്ര പേര്‍ എന്ന് പ്രയോഗിക്കുന്നത്. സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള ഇത്തരം വാര്‍ത്തകളും പ്രയോഗങ്ങളും പത്രങ്ങളില്‍ ഇനിയെങ്കിലും ഉണ്ടാവാതിരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് അപേക്ഷിക്കുന്നു. — മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ മലയാളപ്പെണ്‍ക്കൂട്ടായ്മ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും സ്ത്രീകളെ കുറിച്ചുള്ള ഭാഷ ശുദ്ധീകരിക്കണമെന്ന് സുല്‍ഫത്ത് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അറിഞ്ഞുകൊണ്ട് പ്രയോഗിക്കുന്നതല്ലെന്നും അതൊരു ശീലമാണെന്നും അത് മാറ്റേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
“‘
‘ എന്ന സിനിമ പുറത്ത് വന്നപ്പോഴാണ് ഒരു സ്ത്രീ അടുക്കളയില്‍ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞത്. അത്തരത്തിലുള്ള തിരിച്ചറിവാണ് വേണ്ടത്. എന്നാല്‍ പുതുതലമുറയില്‍ അത്തരം തിരിച്ചറിവുകള്‍ കാണാന്‍ കഴിയുന്നുണ്ട്.”
പോലീസ് സേന പോലും ലിംഗ വിവേചനപരമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നുണ്ട്. ഇതിനെതിരേയും പ്രതികരിച്ചിരുന്നു — കൂട്ടായ്‍മ പറയുന്നു.
ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്ന ചോദ്യാവലിയിലെ മരിച്ചയാളുടെ വ്യക്തിഗത വിവരവുമായി ബന്ധപ്പെട്ട ആറാമത്തെ ചോദ്യം ഉയര്‍ക്കാട്ടി ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും ഇവര്‍ നിവേദനം അയച്ചു.
“വിവാഹം കഴിഞ്ഞതോ അല്ലാത്തതോ? എന്നാണ് ആ ചോദ്യം. സ്ത്രീയാണ് മരിച്ചതെങ്കില്‍ ഭര്‍ത്താവിനോട് കൂടിയോ, വിധവയോ, മറ്റ് വിധത്തിലോ ആയി തനിച്ചോ താമസിച്ചു വരികയാണോ എന്നെല്ലാം അന്വേഷിക്കും. ഒരുപക്ഷേ, തനിച്ചു താമസിക്കുന്ന സ്ത്രീയാണെങ്കില്‍ നല്ല നടപ്പുകാരിയോ ദുര്‍നടപ്പുകാരിയോ ആയിരുന്നോ എന്ന ചോദ്യങ്ങളെല്ലാം അയല്‍ക്കാരോട് ചോദിക്കും. ഒരു സ്ത്രീ ദുര്‍നടപ്പുകാരി ആയിരുന്നോ എന്ന ചോദ്യം ഏത് അര്‍ത്ഥത്തിലാണെന്ന് മനസിലാക്കാമല്ലോ. അതേസമയം ഒരു പുരുഷനാണ് മരിച്ചതെങ്കില്‍ വിവാഹം കഴിഞ്ഞതായാലും ഇല്ലെങ്കിലും ജീവിച്ചിരുന്നപ്പോള്‍ നല്ല നടപ്പുകാരനോ ദുര്‍നടപ്പുകാരനോ എന്ന ചോദ്യം മാത്രമേ ഉയരുന്നുള്ളൂ.”– സുല്‍ഫത്ത് എം സുലു പറഞ്ഞു.
ഇത്തരം ചോദ്യങ്ങള്‍ ‘ആര്‍ട്ടിക്കിള്‍ 15’ പ്രകാരം ഇന്ത്യന്‍ ഭരണഘടന ഉറപ്പുതരുന്ന തുല്യതയുടെ ലംഘനമാണെന്നും മലയാളപ്പെണ്‍ക്കൂട്ടായ്മ പറയുന്നു.
“പുരുഷന്‍ ഒറ്റയ്ക്ക് താമസിക്കുന്നതോ അല്ലയോ എന്നത് പ്രശ്‌നമാവാതിരിക്കുന്നതും സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുന്നത് പ്രശ്‌നവല്‍ക്കരിക്കുന്നതുമാണ് ഈ ചോദ്യം. അതു പോലെ സ്ത്രീ ആയാലും പുരുഷനായാലും നല്ല നടപ്പുകാരനോ ദുര്‍നടപ്പുകാരിയോ എന്ന ചോദ്യം തന്നെ വിമര്‍ശിക്കപ്പെടേണ്ടതാണെന്നിരിക്കേ, സ്ത്രീയുടെ നല്ല നടപ്പോ ദുര്‍നടപ്പോ അയല്‍വാസികള്‍ക്ക് തീരുമാനിക്കാമെന്ന് പറയുന്നത് സ്ത്രീകളുടെ അന്തസ്സിനെ തന്നെ ഹനിക്കുന്നതാണ്.” — മലയാളപ്പെണ്‍ക്കൂട്ടായ്മ മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
നിവേദനം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചതായി സുല്‍ഫത്ത് അറിയിച്ചു. നിവേദനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് അപേക്ഷ അയച്ചിട്ടുണ്ടെന്നും അറിയിച്ചതായി സുല്‍ഫത്ത്,
സമയം മലയാളത്തോട് പറഞ്ഞു. പറഞ്ഞു.
തലമുറകളുടെ സ്ത്രീവിരുദ്ധത
നേരത്തേയും പല വേദികളിലും ഇത്തരത്തിലുള്ള പദപ്രയോഗങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. അതിലൊന്നാണ് ‘വിധവ’ എന്ന പ്രയോഗം. ഭര്‍ത്താവ് മരിച്ച സ്ത്രീയെ വിധവ എന്ന് വിളിക്കും, എന്നാല്‍ ഭാര്യ മരിച്ച പുരുഷനെ എന്താണ് വിളിക്കുന്നത്? പലരും മനപൂര്‍വ്വം ഉപയോഗിക്കുന്നവയല്ല ഈ പദങ്ങള്‍, മറിച്ച് തലമുറകളായി കൈമാറി വരുന്നവയാണ്. — കൂട്ടായ്‍മ പറയുന്നു.
‘ഭാഷയില്‍ മാത്രമല്ല, ഒരു മൃതദേഹം ഏറ്റുവാങ്ങാന്‍ പോലും ഇന്നും സ്ത്രീകളെ അനുവദിക്കാറില്ല. അതും ലിംഗവിവേചനമാണ്. പോലീസ് സേനയില്‍ പോലും കാണാന്‍ കഴിയും ഈ വിവേചനം.’ — മലയാളപ്പെണ്‍ക്കൂട്ടായ്‍മയിലെ അംഗമായ വിനിയ പറയുന്നു.
മലയാളപ്പെണ്‍ക്കൂട്ടം എന്ന കൂട്ടായ്മക്കുമുമ്പ് ‘വിങ്‌സ് കേരള’ എന്ന സംഘടനയുടെ ഭാഗമായി ഒരു വര്‍ഷം മുമ്പ് പത്രങ്ങള്‍ക്ക് നിവേദനം കൊടുത്തിരുന്നെന്നും അത് ചെറിയ രീതിയില്‍ ഫലം കണ്ടെന്നും സുല്‍ഫത്ത് ചൂണ്ടിക്കാട്ടി.
‘പത്രങ്ങളിലെ ചരമകോളത്തില്‍ മരിച്ച സ്ത്രീയുടെ പേര് പരാമര്‍ശിക്കുന്നില്ല, പകരം ഇന്നയാളുടെ ഭാര്യ എന്നാണ് ചേര്‍ക്കുന്നത്. അവര്‍ ഒരുപക്ഷേ ഉയര്‍ന്ന ഉദ്യോഗസ്ഥയോ മറ്റോ ആണെങ്കില്‍ പോലും അവരുടെ പദവിയടക്കം പറയുന്നത് അവസാന വരികളിലായിരിക്കും. അത്തരത്തില്‍ ഒരു തഹസില്‍ദാറുടെ വാര്‍ത്ത കണ്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് അന്ന് പത്രങ്ങള്‍ക്ക് അയച്ച നിവേദനം. അതിന്റെ ഫലമായി ദേശാഭിമാനിയും ജനയുഗവും തങ്ങളുടെ പത്രശൈലിയില്‍ മാറ്റം വരുത്തുമെന്ന് അറിയിച്ചു. എന്നാല്‍ മറ്റു പത്രങ്ങള്‍ ഇപ്പോഴും പഴയ ശൈലി പിന്‍തുടരുകയാണ്.’– സുല്‍ഫത്ത് പറഞ്ഞു.
“മറ്റൊരു പദമാണ് വീട്ടമ്മ”– വിനിയ പറയുന്നു. “വീട്ടുത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടത് എല്ലാവരുമാണെന്നിരിക്കെ അത് ചെയ്യുന്ന സ്ത്രീയ്ക്ക് മാത്രം നല്‍കുന്ന ‘വീട്ടമ്മ’ എന്ന പദപ്രയോഗം തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം സ്ത്രീകളെ രണ്ടാംതരക്കായി കാണുന്ന എന്നുമുള്ള നിരവധി പരാതികള്‍ ഉള്‍ക്കൊള്ളിച്ച ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.”
2001ല്‍ അനുകൂലമായ വിധി വന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആകാശവാണി ‘വീട്ടമ്മമാര്‍ക്ക് വേണ്ടി’ എന്ന പരിപാടിയുടെ പേര് മാറ്റിയതായും വിനയ പറഞ്ഞു. എന്നാല്‍ വിധി വന്നിട്ടും പല നടപടികളും പ്രാവര്‍ത്തികമായത് 2009ലാണ്. ഇപ്പോഴും ഭരണഘടനാ വിരുദ്ധമായി പല സര്‍ക്കാര്‍ സ്ഥാപനങ്ങളും ലിംഗവിവേചനം കാണിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
“യഥാര്‍ത്ഥത്തില്‍ ബോധവത്കരണം നടത്തേണ്ടത് പുരുഷന്മാരെയാണ്. ആക്രമിക്കപ്പെടുന്ന സ്ത്രീകളെ സംരക്ഷിക്കാനും സുരക്ഷ ഒരുക്കാനുമുള്ള ക്യാമ്പയിനുകളാണ് ഇന്ന് സമൂഹത്തില്‍ നടക്കുന്നത്, അല്ലാതെ അക്രമികളായ വിഭാഗക്കാരെ ബോധവത്കരിക്കാനുളഅള ഒരു ശ്രമവും നമ്മുടെ നാട്ടില്‍ നടക്കുന്നില്ല. സ്‌കൂള്‍ തലത്തില്‍ പോലും അത്തരം പരിപാടികള്‍ നടക്കുന്നില്ല. പുരുഷന്മാര്‍ക്ക് അല്ലെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കണം എന്നതാണ് ഇപ്പോള്‍ മലയാളപ്പെണ്‍ക്കൂട്ടായ്മ ചര്‍ച്ച ചെയ്യുന്ന ഒരു പ്രധാന വിഷയം.”– മലയാളപ്പെണ്‍ക്കൂട്ടത്തിന് തുടക്കമിട്ട അധ്യാപിക ഡോ. സ്മിത പന്ന്യന്‍ പറഞ്ഞു.
മലയാളപ്പെണ്‍ക്കൂട്ടം
സ്ത്രീകളുടെ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മയാണ് മലയാളപ്പെണ്‍ക്കൂട്ടം. കേരളത്തിന്‍റെ പലഭാഗത്ത് നിന്നുള്ള 130ല്‍ അധികം വനിതകളാണ് ഈ കൂട്ടായ്മയില്‍ ഉള്ളത്. സത്രീകള്‍ക്ക് കൂട്ടായി ഇരുന്ന് സംസാരിക്കാനുള്ള ഒരു ഇടം എന്ന രീതിയിലാണ് ഈ കൂട്ടായ്മ തുടങ്ങിയത്.
“കൂട്ടായ്മയിലെ ഓരോ അംഗങ്ങളുടെ സംസാരങ്ങളിലും ചര്‍ച്ചകളിലും നിന്ന് പൊതുവായി ഉയര്‍ന്നുവന്ന പ്രശ്‌നമായിരുന്നു സ്ത്രീ വിരുദ്ധ ഭാഷാശൈലി. അതിന് കാരണമായത് മാതൃഭൂമിയുടെ കോഴിക്കോട് എഡിഷനില്‍ വന്ന ഒരു വാര്‍ത്തയായിരുന്നു. സ്ത്രീക്ക് നേരെയുള്ള ലൈംഗികാതിക്രമത്തെ സൂചിപ്പിക്കാന്‍ ‘മാനഭംഗം’ എന്ന പദം ഉപയോഗിച്ചത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അതിനെതിരെ പ്രതികരിക്കണമെന്നും തോന്നി. നേരത്തെ പല പത്രങ്ങള്‍ക്കും ഭാഷാശൈലി ചൂണ്ടിക്കാട്ടി പ്രതികരണങ്ങള്‍ അയച്ചിരുന്നു” — സുല്‍ഫത്ത് എം സുലു പറഞ്ഞു.
നാല് മാസം മുമ്പാണ് മലയാളപ്പെണ്‍കൂട്ടായ്മ തുടങ്ങിയതെങ്കിലും ഈ വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയത് ഒരാഴ്ച മുമ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോടതി വ്യവഹാരങ്ങള്‍ പോലീസ് നടപടികള്‍ തുടങ്ങിയ ഭരണഘടന സ്ഥാപനങ്ങള്‍ തന്നെ ഭരണഘടന ഉറപ്പു നല്‍കുന്ന ലിംഗപദവി ലംഘിക്കുന്നുണ്ട്. അത്തരം ലംഘനങ്ങള്‍ കണ്ടെത്തി തിരത്തുക. നിയമ പുസ്തകങ്ങളെ ജെന്‍ഡര്‍ വായനക്ക് വിധേയമാക്കുക തുടങ്ങിയ കാര്യങ്ങളാണ് മലയാളപ്പെണ്‍ക്കൂട്ടായ്മ ആദ്യ ഘട്ടം എന്ന നിലയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
അതേസമയം, നിലവില്‍ മുഖ്യമന്ത്രിക്കും പത്രങ്ങള്‍ക്കും സമര്‍പ്പിച്ചിട്ടുള്ള നിവേദനത്തിനുകൂടി ഫലം കാണുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ഫലം കണ്ടില്ലെങ്കില്‍, അംഗങ്ങളുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കൂട്ടായ്‍മയിലെ അംഗങ്ങള്‍ പറഞ്ഞു.
****