എങ്കിൽ പിന്നെ എന്തുകൊണ്ട് സ്വന്തമായി ട്രോൾ വീഡിയോ പോസ്റ്റ് ചെയ്തുകൂടാ? ബിസിനസ്സുകാരൻ ബോബി ചെമ്മണ്ണൂരിന്റെ ബുദ്ധിയിൽ ഉദിച്ചതാണോ ഈ ആശയം എന്ന് വ്യക്തമല്ല എങ്കിലും സ്വന്തം ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം 24 സെക്കന്റ് ദൈർഖ്യമുള്ള ട്രോൾ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് ബോബി ചെമ്മണൂർ. നാല് ലക്ഷത്തിലധികം വ്യൂകളുമായി ‘ബോചെ സെൽഫ് ട്രോൾ’ വീഡിയോയോ ഫേസ്ബുക്കിൽ വൈറലാണ്.
മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് സിനിമ യോദ്ധയിലെ ജഗതി കഥാപാത്രം അരശുംമൂട്ടിൽ അപ്പുക്കുട്ടനെ അനുകരിച്ചുകൊണ്ട് വാളും പരിചയുമായി കസർത്ത് കാണിക്കുന്ന ബോബി ചെമ്മണൂർ ആണ് വിഡിയോയിൽ. ബോചെക്കുട്ടൻ എന്ന എഴുത്തുമായി ആരംഭിക്കുന്ന വിഡിയോയിൽ വിവിധ മലയാള സിനിമകളിലെ നർമരംഗങ്ങളിലെ ഡയലോഗുകൾ കോർത്തിണക്കിയിട്ടുണ്ട്. ‘ഡോ. ബോബി ചെമ്മണ്ണൂർ ചെമ്മണ്ണൂർ 812 കിലോമീറ്റർ ഓടി ലോകറെക്കോർഡ് ഉടമ’ എന്ന് വിഡിയോയിലുടനീളം എഴുതിക്കാണിക്കുന്നുണ്ട്. ‘എന്റെ ആദ്യത്തെ ട്രോൾ വീഡിയോ ഞാൻ തന്നെ ഉണ്ടാക്കി പോസ്റ്റുന്നു’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കുറിപ്പ്.
രസകരമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘സങ്കടം വരുമ്പോൾ ഇത് കണ്ടാൽ മതി ചിരിക്കാനുണ്ട്’ എന്ന ഒരു ഫേസ്ബുക്ക് ഉപഭോക്താവിന്റെ കമന്റിന് ‘ഞാൻ നിങ്ങളെയൊക്കെ ചിരിപ്പിക്കാൻ വേണ്ടി ജനിച്ചവനാണ്’ എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ മറുപടി.
‘മാമുകൊയ പറഞ്ഞ പോലെ…ലൈഫ് എന്നാൽ പ്ലേയ് ആൻഡ് എൻജോയ്…’ എന്ന പ്രതികരണത്തിന് കീഴെ “അതെന്റെ കയ്യിൽ നിന്ന് കോപ്പി അടിച്ചതാന്ന തൊന്നുന്നെ. ശെരിക്ക് അങ്ങനെയല്ല. പ്ലേയ് ആൻഡ് എൻജോയ് എന്ന് പറഞ്ഞാൽ ബൊച്ചേ എന്നാണർത്തം..നിഘണ്ടുവിൽ” എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ മറുപടി.
‘കയ്യിൽ പൂത്ത കാശ് ഉണ്ട് ഒരു നിക്കർ വാങ്ങി ഇടുക’ എന്ന ഒരു യുവാവിന്റെ നിർദേശത്തിന് ‘അടിയിൽ ഉണ്ട്.സൂക്ഷിച്ചു നോക്കിയാൽ മതി മൈ ഡിയർ” എന്നാണ് മറുപടി.