ന്യൂയോര്ക്ക്
കോവിഡിന്റെ ഡെല്റ്റ വകഭേദം ചിക്കൻപോക്സ് പോലെ അതിവേഗത്തിൽ പടരുമെന്ന് റിപ്പോര്ട്ട്. യുഎസ് ആരോഗ്യ മന്ത്രാലയത്തിന്റെ പഠനം മാധ്യമങ്ങള് പുറത്തുവിട്ടു. വാക്സിന് സ്വീകരിക്കാത്ത ആളുകളില് വ്യാപിക്കുന്ന അതേ തീവ്രതയില് രണ്ടുഡോസും എടുത്തവരിലും ഡെല്റ്റ ബാധിക്കും. ആല്ഫ വകഭേദം ബാധിച്ചവരില്നിന്ന് വ്യാപിക്കുന്ന വൈറസിന്റെ അളവിനേക്കാള് പത്ത് മടങ്ങ് അധികമായിരിക്കും ഡെല്റ്റ വകഭേദം ബാധിച്ചവരില് നിന്നുണ്ടാകുന്ന വൈറസ് വ്യാപനം. അമേരിക്കയില് വാക്സിനെടുത്ത 16 കോടിയിലധികം ആളുകളില് 35,000 പേര്ക്കും ഓരോ ആഴ്ചയിലും പ്രകടമായ ലക്ഷണങ്ങളോടെ വൈറസ് ബാധിക്കുന്നുണ്ട്.
ലോകം ഡെല്റ്റ
ഭീതിയില്
ആഗോളതലത്തില്‍ ഡെല്റ്റ വകഭേദം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില് വര്ധന. ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കനുസരിച്ച് നൂറ്റിമുപ്പതിലധികം ലോകരാജ്യങ്ങളില് ഡെല്റ്റ സ്ഥിരീകരിച്ചു. ചൈനയില് വീണ്ടും പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതുമൂലം രാജ്യം ലോക്ഡൗണിലേക്ക് കടന്നേക്കും. നാന്ജിങ് നഗരത്തില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റര് നിരവധി പ്രവിശ്യകളിലേക്ക് വ്യാപിച്ചു
കിഴക്കന് മെഡിറ്ററേനിയന് മേഖലയില് ഡെല്റ്റ കോവിഡിന്റെ നാലാം തരംഗത്തിന് വഴിയൊരുക്കുന്നു എന്നാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്. മൊറോക്കോ മുതല് പാകിസ്ഥാന് വരെയുള്ള ഈ മേഖലയിലെ 22 രാജ്യങ്ങളിൽ 15 എണ്ണത്തിൽ ഡെൽറ്റ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാസ്ക് ധരിക്കണം;
നിലപാട് തിരുത്തി
യുഎസ്
കോവിഡ് വ്യാപനം വീണ്ടും വര്ധിച്ചതോടെ വാക്സിന് എടുത്തവര്ക്ക് മാസ്ക് വേണ്ട എന്ന മുന്നിലപാട് തിരുത്തി അമേരിക്ക. പുതുക്കിയ മാര്‍ഗരേഖ അനുസരിച്ച് വൈറസ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ വാക്സിന് എടുത്തവര് മുറിക്കുള്ളിലും മാസ്ക് ധരിക്കണം. താനും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും നിര്ദേശങ്ങള് കര്ശനമായി പാലിക്കുമെന്നും പൊതുജനങ്ങളും ഇതിന് സന്നദ്ധമാകണമെന്നും പ്രസിഡന്റ് ജോ ബൈഡനും ആവശ്യപ്പെട്ടു.
വാക്സിനേഷന്
ദ്രുതഗതിയിലാകണം
പ്രതിസന്ധി കൂടുതല് തീവ്രമാകുന്നത് തടയാന് വാക്സിന് കുത്തിവയ്പ് ദ്രുതഗതിയിലാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിര്ദേശം. അമേരിക്ക ഉള്പ്പെടെയുള്ള രാജ്യങ്ങള് ഇതിനായുള്ള നീക്കം ആരംഭിച്ചു. വാക്സിന് സ്വീകരിക്കുന്നവര്ക്ക് പാരിതോഷികം നല്കുന്നതുള്പ്പെടെ ആലോചിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ഇസ്രയേല് ബൂസ്റ്റര് ഡോസുകള്ക്ക് അംഗീകാരം നല്കി. ഈ വര്ഷം അവസാനത്തോടെ ജനസംഖ്യയുടെ 65 ശതമാനത്തിനും വാക്സിന് നല്കാനാണ് ചൈനയുടെ നീക്കം. വാക്സിനേഷന് പ്രക്രിയ വേഗത്തിലാക്കാന്‍ വികസ്വര, അവികസിത രാജ്യങ്ങളെ ലോകശക്തികള് പിന്തുണയ്ക്കണമെന്ന് യുഎന് ആവശ്യപ്പെട്ടു.