വാഷിങ്ടൺ: മാനവരാശിയുടെ വലിയൊരു കുതിപ്പായിരുന്നു ചന്ദ്രന്റെ ഉപരിതലത്തിൽമനുഷ്യൻ നടത്തിയ ആദ്യ ചുവടുവെപ്പ്. 1969 ജൂലായ് 20ന് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് ലോകം കണ്ടത്. മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് യാഥാർഥ്യമാക്കി തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരികൾക്ക് ലഭിച്ചത് ലോകത്തിന്റെ ഊഷ്മളമായ വരവേൽപ്പായിരുന്നു എന്നതും ചരിത്രം.
എന്നാൽ, ചന്ദ്രനിൽനിന്ന് തിരിച്ചെത്തിയ ബഹിരാകാശ യാത്രികർക്ക് ഭൂമിയിൽ ഇറങ്ങുന്നതിന് കസ്റ്റംസിന്റെ സത്യവാങ്മൂലംപൂരിപ്പിച്ചു നൽകേണ്ടിവന്നു എന്നറിഞ്ഞാൽ ആരുമൊന്ന് അമ്പരക്കും. സംഗതി സത്യമാണ്, യാത്രികരിൽ ഒരാളായിരുന്ന എഡ്വിൻ ആൽഡ്രിൻ എന്നബുസ് ആൽഡ്രിൻ തന്നെയാണ് കൗതുകകരമായ ആ യാഥാർഥ്യം ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. വിമാനയാത്രികരുടേതിന് സമാനമായ നടപടിക്രമം ബഹിരാകാശ യാത്രികർക്കും വേണ്ടിവന്നു എന്നാണ് അദ്ദേഹത്തിൻറെ ട്വീറ്റ്വ്യക്തമാക്കുന്നത്.
ചന്ദ്രനിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിയ ഉടനെ കസ്റ്റംസിന്റെ പ്രത്യേക ഫോം പൂരിപ്പിച്ച് നൽകേണ്ടിവന്നു എന്ന് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ 91-കാരനായ ആൽഡ്രിൻപറയുന്നു. സങ്കൽപിച്ചു നോക്കൂ, ചന്ദ്രനിലെ 22 മണിക്കൂർ അടക്കം എട്ട് ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം തിരികെ ഭൂമിയിലെത്താൻ കസ്റ്റംസിന്റെ പരിശോധന ആവശ്യമായി വന്നു!, ആൽഡ്രിൻ ട്വീറ്റിൽ പറയുന്നു. അന്ന് കസ്റ്റംസിന് പൂരിപ്പിച്ച് നൽകിയ സത്യവാങ്മൂലത്തിന്റെ പകർപ്പും അദ്ദേഹം ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
Imagine spending 8 days in space, including nearly 22 hours on the Moon and returning home to Earth only to have to go through customs! 😀 #Apollo11 pic.twitter.com/FvtSVwSD1f
— Dr. Buzz Aldrin (@TheRealBuzz) July 28, 2021
പൊതു സത്യവാങ്മൂലം എന്ന് തലക്കെട്ടുള്ള ഒരു ഫോം ആണ് പൂരിപ്പിച്ച് നൽകേണ്ടിവന്നത്. 1969 ജൂലായ് 24 എന്നാണ് ഇതിലെ തീയ്യതി. യാത്രചെയ്ത വാഹനം അപ്പോളോ 11 സ്പേസ്ഷിപ്പ്.നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) ആണ് ഓപ്പറേറ്റർ. ആംസ്ട്രോങ്, ആൽഡ്രിൻ, മറ്റൊരു യാത്രികനായിരുന്ന മൈക്കേൽ കോളിൻസ് എന്നിവരുടെ പേരുകളും ഒപ്പും ഇതിൽ ഉണ്ട്. യാത്രയിൽ കൈയ്യിലുള്ള വസ്തുക്കളുടെ കള്ളിയിൽ ചന്ദ്രനിൽനിന്നുള്ള കല്ലുകളുടെയും പൊടിയുടെയും സാംപിളുകൾ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ആൽഡ്രിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ചന്ദ്രനിൽനിന്നുള്ള വൈറസിനെ ഭയന്ന് ബഹിരാകാശ യാത്രികരെ നിർബന്ധിത ക്വാറന്റീനിൽ വിടാതിരുന്നത് ഭാഗ്യമായെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് കുറിക്കുന്നു. കൗതുകകരമായ ഒരു രേഖ എന്നതിനൊപ്പം വിചിത്രമായ ഒരു ഔദ്യോഗിക നടപടി എന്ന നിലയിലും ഇത് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.
Content Highlights:Apollo Astronauts Went Through Customs After Returning From Moon- Buzz Aldrin Shares Pic Of Form