കണ്ണൂർ > തരിശുഭൂമികളിൽ സൗരോർജ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കെഎസ്ഇബി. പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷ ഏവം ഉത്താൻ മഹാഭിയാൻ (പിഎം കുസും) പദ്ധതി പ്രകാരമാണ് ഉൽപാദനക്ഷമമല്ലാത്ത സ്ഥലങ്ങൾ സൗരോർജ വൈദ്യുതി സംരംഭത്തിനായി കെഎസ്ഇബി ഏറ്റെടുക്കുന്നത്.
കുറഞ്ഞത് രണ്ട് ഏക്കർ ഭൂമിയുള്ള വ്യക്തിഗത കർഷകർ, കർഷകരുടെ കൂട്ടം, സഹകരണസംഘങ്ങൾ, പഞ്ചായത്തുകൾ, കർഷക ഉൽപാദക സംഘടനകൾ (എഫ്പിഒ)/ വാട്ടർ യൂസർ അസോസിയേഷനുകൾ (ഡബ്ല്യൂയുഎ) എന്നിവയ്ക്ക് ഈ പദ്ധതിക്ക് അർഹതയുണ്ട്. ഉപേക്ഷിക്കപ്പെട്ട ക്വാറി പോലുള്ള പ്രദേശമാണ് കൂടുതലായി പരിഗണിക്കുന്നത്.
ഗ്രിഡ് കണക്ട് ചെയ്ത സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ കർഷകർക്കുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ് പി എം കുസും. വൈദ്യുതി കെഎസ്ഇബിക്ക് വിൽക്കുന്നതിലൂടെ കർഷകർക്ക് അധിക വരുമാനം നേടാം. സൗരോർജ വൈദ്യുതി ഉൽപാദിപ്പിക്കാൻ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് വ്യക്തമായ കൈവശ രേഖ വേണം. വനം, പരിസ്ഥിതി ലോല പ്രദേശം, തീരദേശ പരിപാലന നിയമ പരിധിയിൽ വരുന്ന സ്ഥലം, നെൽവയൽ, തണ്ണീർ തടം തുടങ്ങിയ പ്രദേശങ്ങൾ പരിഗണിക്കില്ല. ഭൂമിയിലേക്ക് ഗതാഗത സൗകര്യം വേണം. വെള്ളം കയറാത്തതും ചരിവ് പരമാവധി 30 ഡിഗ്രിയിൽ കൂടാതെയുമാവണം. നിഴൽ വീഴാൻ ഇടയുള്ള വൃക്ഷങ്ങളോ നിർമിതികളോ ഉണ്ടാവരുത്. അല്ലെങ്കിൽ ഇവ നീക്കംചെയ്യാൻ കഴിയുന്ന സ്ഥലമായിരിക്കണം.
സോളാർ പാനലുകൾ ഉടമ സ്ഥാപിച്ച് നൽകുകയാണെങ്കിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 3.50 രൂപ നിരക്കിൽ 25 വർഷത്തേക്ക് കെഎസ്ഇബി വാങ്ങും. ഭൂമി കെഎസ്ഇബിക്ക് വാടകയ്ക്ക് നൽകുകയാണെങ്കിൽ 25 വർഷത്തേക്ക് വൈദ്യുതി യൂണിറ്റിന് പത്ത് പൈസ നിരക്കിൽ ഭൂവുടമയ്ക്ക് നൽകും. ഭൂവുടമയ്ക്ക് വർഷം ശരാശരി ഒരേക്കറിന് 25,000 രൂപ ലഭിക്കും. ഇ മെയിൽ: cerees@kseb.in. വെബ്സൈറ്റ് :www.kseb.in.