കള്ളനോട്ട് കേസിൽ മുൻ യുവമോർച്ചാ നേതാവ് മൂന്നാംതവണയും പിടിയിലായ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ഇതെന്തൊക്കെയാണ് കേരളത്തിൽ സംഭവിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ആരാഞ്ഞു.
രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനൽ കേസിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക!
നമ്മുടെ പോലീസിന് ഇന്റലിജൻസ് സംവിധാനങ്ങളൊന്നും നിലവിലില്ലേ- ബൽറാം ആരാഞ്ഞു.
സ്കൂൾ വിദ്യാർത്ഥികളെപ്പോലും വർഷങ്ങളായി തുടർച്ചയായി നിരീക്ഷിച്ച് അവർക്ക് മേൽ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാർത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെയും ആ ജാഗ്രത കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു- എന്നാണ് ബൽറാം കുറിപ്പ് അവസാനിപ്പിക്കുന്നത്.
വി.ടി. ബൽറാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇതെന്തൊക്കെയാണ് കേരളത്തിൽ സംഭവിക്കുന്നത്!
രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനൽ കേസിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക!
നമ്മുടെ പോലീസിന് ഇന്റലിജൻസ് സംവിധാനങ്ങളൊന്നും നിലവിലില്ലേ? കൃത്യമായ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ ജാമ്യത്തിലിറങ്ങിയാലും ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാലും പിന്നീടയാൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കാൻ പോലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? അതോ കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പോലീസും കണ്ണടക്കുന്നതാണോ?
സ്കൂൾ വിദ്യാർത്ഥികളെപ്പോലും വർഷങ്ങളായി തുടർച്ചയായി നിരീക്ഷിച്ച് അവർക്ക് മേൽ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാർത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെയും ആ ജാഗ്രത കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
content highlights:vt balram on former yuvamorcha leaders arrest in counterfeit case















